Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയ്ക്കു വെളിവുള്ള ആരും കോൺഗ്രസിനോടു സഹകരിക്കില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം∙ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാർത്ത തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസുമായി ബന്ധമില്ല. തലയ്ക്കു വെളിവുള്ള ആരും ഇപ്പോൾ കോൺഗ്രസിനോടു സഹകരിക്കില്ല. പാർട്ടി കോൺഗ്രസാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ഇപ്പോൾ പാർട്ടി കോൺഗ്രസിനുള്ള കരടിൻമേൽ ചർച്ച നടക്കുകയാണെന്നും കാനം പറഞ്ഞു. മന്ത്രി എം.എം. മണിയുടെ വിമർശനത്തിനു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി മറുപടി പറയുമെന്നും കാനം പറഞ്ഞു. മനോരമ ഓൺലൈനിന്റെ അഭിമുഖ പരമ്പരയായ ‘മറുപുറ’ത്തിലാണു സഖ്യത്തിനു തയാറാണെന്ന പരാമർശം കാനം നടത്തിയത്.

‘കോൺഗ്രസുമായി ചേരുമോയെന്നു പറയാൻ സാധിക്കില്ല. കോൺഗ്രസുമായി ചേരാത്ത എതു പാർട്ടിയാണു കേരളത്തിലുള്ളത്? ആരുമില്ല. യുപിഎ സർക്കാരിന് ആരാണു പിന്തുണ നൽകിയത്? അന്നു ഞങ്ങൾ മന്ത്രിസ്ഥാനത്തിനൊന്നും പോയില്ല. സ്പീക്കർ സ്ഥാനത്തേക്കു പോയത് സിപിഎമ്മാണ്. കോൺഗ്രസുമായി ഒരു ബന്ധവുമുണ്ടാകുകയില്ല എന്നു ഇപ്പോൾ പറയാൻ പറ്റില്ല. ഒരു ബന്ധവും ഒരിക്കലും ഉണ്ടാകില്ല എന്നു ഉറപ്പ് പറയാൻ പറ്റുന്നത് ആർഎസ്എസ്സും ബിജെപിയുമായാണ്’ – കാനം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കാനം രാജേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം

ബിജെപിക്കെതിരെ വിശാല ബദൽ വേണമെന്നു സിപിഐ ദേശീയ നിർവാഹകസമിതിയിലും വിലയിരുത്തലുണ്ടായിരുന്നു. കോൺഗ്രസിനോടു തൊട്ടുകൂടായ്മയില്ല. എന്നാൽ കേരളത്തിൽ തിരഞ്ഞെടുപ്പു കൂട്ടുകെട്ട് ഉണ്ടാക്കുകയില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബന്ധം തള്ളിക്കളയുന്നില്ലെന്നും നിർവാഹകസമിതിയിൽ വ്യക്തമാക്കിയിരുന്നു

അതേസമയം, കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ടെന്ന ആശയം സിപിഎം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ബന്ധത്തിന്റെ കാര്യത്തിൽ‍ കേരളത്തിലെ സിപിഎം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും കോടിയേരി വ്യക്തമാക്കി.