Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നിശമന സേനാ പ്രവർത്തനങ്ങൾക്ക് ഫണ്ടിനായി ഇനി ‘തീ നികുതി’

fireforce

തിരുവനന്തപുരം ∙ ഇനി തീ കെടുത്താനും നമ്മൾ നികുതി അടയ്ക്കേണ്ടി വരും! അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കാൻ ‘ഫയർ ടാക്സ്’ വരുന്നു. പുതിയ കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ബില്ലിലാണ് ഈ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വസ്തു, കെട്ടിട നികുതികളുടെ മൂന്നുശതമാനത്തിൽ കുറയാത്ത തുക ഫയർ ടാക്സ് ആയി പിരിക്കണമെന്നാണു നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അഗ്നിശമന സേനയിലെയും ആഭ്യന്തര വകുപ്പിലെയും ഉന്നതർ ബില്ലിന്റെ കരടു ചർച്ച ചെയ്തു. തുടർന്ന് അഗ്നിശമന സേനാ മേധാവി ടോമിൻ തച്ചങ്കരി ഇത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു കൈമാറി. നിയമവകുപ്പിന്റെ കൂടി അംഗീകാരത്തോടെ ജനുവരിയിലെ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. 1962 ലെ കേരള ഫയർഫോഴ്സ് ആക്ടാണു ഭേദഗതി ചെയ്യുന്നത്. 

തദ്ദേശ സ്ഥാപനങ്ങളാണു ഫയർ ടാക്സും പിരിക്കേണ്ടത്. ഇങ്ങനെ സമാഹരിക്കുന്ന തുക അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. 

ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര സർക്കാരിന്റെ മോഡൽ ഫയർ സർവീസ് ബില്ലിലെയും വ്യവസ്ഥകൾ പരിശോധിച്ചാണു പുതിയ ബില്ലിനു രൂപംനൽകിയത്. 1962ൽ നിയമം കൊണ്ടുവന്നെങ്കിലും ചട്ടം പുറപ്പെടുവിച്ചിരുന്നില്ല. 

സേനയെ പറ്റിച്ചാൽ പിഴയും തടവും 

തീ പിടിത്തമോ, ദുരന്തമോ ഉണ്ടായെന്ന വ്യാജ സന്ദേശം നൽകി അഗ്നിശമന സേനയെ കബളിപ്പിച്ചാൽ തടവും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. മൂന്നുമാസം തടവ്, 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ച് എന്നതാണു ശിക്ഷ. വർഷം ഇരുന്നൂറിലേറെ വ്യാജ ഫോൺ സന്ദേശങ്ങൾ സേനയുടെ വിവിധ ഓഫിസുകളിൽ ലഭിക്കുന്നതായാണു കണക്ക്. 

മറ്റു പ്രധാന നിർദേശങ്ങൾ: 

∙ തീ അണയ്ക്കുന്നതിന്, പണം നൽകാതെ എവിടെനിന്നും വെള്ളമെടുക്കാം. 

∙ മതിലുകളും കെട്ടിടവുമടക്കമുള്ള തടസ്സങ്ങളുണ്ടെങ്കിൽ തീ അണയ്ക്കാനായി അതു നീക്കാം. നഷ്ടപരിഹാരം നൽകും. 

∙ മണ്ണുമാന്തി യന്ത്രമടക്കം ഉപകരണങ്ങൾ എവിടെനിന്നും എടുക്കാം. വാടക നൽകും. 

∙ ഫയർ സേഫ്റ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് രണ്ടു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി. 

∙ അഗ്നിശമന സേനാ ആസ്ഥാനത്തു ഡയറക്ടറുടെ നേതൃത്വത്തിൽ സ്ഥിരം ഫയർ പ്രിവൻഷൻ വിങ്. 

∙ 100 മുറിയിൽ കൂടുതലുള്ള ഹോട്ടലുകൾ, 1000 പേരിൽ കൂടുതൽ ഇരിക്കാൻ കഴിയുന്ന സിനിമ തിയറ്ററുകൾ, 50 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങൾ തുടങ്ങി വിവിധ വിഭാഗം കെട്ടിടങ്ങൾക്കു സ്ഥിരം ഫയർ സേഫ്റ്റി ഓഫിസർ. 

∙ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാൽ മൂന്നുവർഷം തടവും 5000 രൂപ പിഴയും. 

∙ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്കു മൂന്നുവർഷം തടവും 25,000 രൂപ പിഴയും. കുറ്റം തുടർന്നാൽ ഓരോ ദിവസത്തിനും 1000 രൂപ അധികം പിഴ. 

∙ ഈ രംഗത്തെ കൺസൽറ്റന്റുമാർക്കു ലൈസൻസ്. 

∙ ഫീസ് ഈടാക്കി രക്ഷാപ്രവർത്തനത്തിൽ പരിശീലനം. 

∙ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ മൂന്നുവർഷം തടവും 12 മാസത്തെ ശമ്പളത്തിനു തുല്യമായ തുക പിഴയും. 

related stories