Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി ഉദ്യാനം: പിണറായിയുടെ നിലപാടിനെതിരെ വനംമന്ത്രി രാജു

K Raju

തൊടുപുഴ∙ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ പുനർ നിർണിയിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ വനംമന്ത്രി കെ.രാജു. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാം. നിലവിലുള്ളത് 2007ലെ കരട് വിജ്ഞാപന രേഖയാണ്. അന്തിമ വിജ്ഞാപനത്തിൽ തിരുത്തലുണ്ടാകും. കരടിൽ കേന്ദ്രത്തിന് ഇടപെടാനാകില്ലെന്നും വനംമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.

കയ്യേറ്റം നടന്ന ബ്ലോക്ക് 58ൽ നീലക്കുറിഞ്ഞി പേരിനു മാത്രമാണുള്ളത്. കൈവശക്കാർക്കു നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും രാജു വ്യക്തമാക്കി. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ കണ്ടെത്തലുകള്‍ കൂടിയാലോചന ഇല്ലാതെയാണ്. മൂന്നാർ ഹർത്താലുകൾക്കു പിന്നിൽ കയ്യേറ്റ ലോബിയാണെന്നും മന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് വനം വകുപ്പ് നിലപാട് വ്യക്തമാക്കുന്നത്.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ 2000 ഹെക്ടറായി ചുരുങ്ങുമെന്ന വാർത്ത ചോർന്നതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സങ്കേതം ചുരുങ്ങുമെന്ന വിശദീകരണം വാര്‍ത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ ദിവസം റവന്യൂ വനം മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. പ്രശ്ന പരിഹാരത്തിന് ചേർന്ന യോഗം രാഷ്ട്രീയ വിവാദമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്.

2006ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു ജോയ്സ് ജോർജ് എംപിയുടെ കൊട്ടാക്കമ്പൂർ പ്രദേശംകൂടി ഉൾപ്പെടുത്തി പ്രഖ്യാപിച്ച നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനിച്ചത്. ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി സങ്കേതമായ കൊട്ടക്കമ്പൂർ, വട്ടവട വില്ലേജുകളിലെ 3200 ഹെക്ടറിൽ ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ എത്രയുണ്ടെന്നു പഠിക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാതെ അതിരുകൾ നിശ്ചയിക്കുന്നതിനു ശുപാർശ നൽകാനും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ യോഗം ചുമതലപ്പെടുത്തിയിരുന്നു.

3200 ഹെക്ടർ ഭൂമിയാണു നീലക്കുറിഞ്ഞി ഉദ്യാനത്തിനായി വിജ്ഞാപനം ചെയ്തത്. അതിർത്തി പുനർനിർണയിക്കുമ്പോൾ 1200 ഹെക്ടർ കുറയുമെന്നു പി.എച്ച്.കുര്യൻ യോഗത്തിൽ അറിയിച്ചു. 2006 ഒക്ടോബർ ഏഴിനു മൂന്നാറിൽ നീലക്കുറിഞ്ഞി ഫെസ്റ്റിൽ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമാണു നീലക്കുറിഞ്ഞി ഉദ്യാന പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 26നു സർക്കാർ വിജ്ഞാപനവുമിറങ്ങി.

related stories