Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ അവസാനം പ്രതിഷേധക്കാർ ജയിച്ചു; നിയമമന്ത്രി രാജിവച്ചു

pakistan-islamist-rally-2 പാക്കിസ്ഥാനിൽ പ്രതിഷേധം നടത്തുന്നവർ. ചിത്രം: എപി

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ കൊണ്ടുവന്ന ഭേദഗതിയെത്തുടർന്നു പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലുണ്ടായ രൂക്ഷമായ പ്രതിഷേധങ്ങൾക്കു പിന്നാലെ നിയമമന്ത്രി സാഹിദ് ഹാമിദ് ഞായറാഴ്ച രാത്രി വൈകി രാജിവച്ചു. ആഴ്ചകൾ നീണ്ട പ്രതിഷേധം അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഇതേത്തുടർന്നാണു ഹാമിദ് മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ യാഥാസ്ഥിതികരായ പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. ഹാമിദ് രാജിവച്ചാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നു സർക്കാരും പ്രതിഷേധക്കാരുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു.

തെഹ്‌രികെ ലെബെയ്ക് എന്ന തീവ്ര മത - രാഷ്ട്രീയ പാര്‍ട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പു സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നിരുന്നില്ല. നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇൗമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമായി. സൈനികസഹായവും സർക്കാർ തേടിയിരുന്നു. പ്രതിഷേധത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറുകണക്കിനുപേർക്കു പരുക്കേൽക്കുകയും ചെയ്തു.

pakistan-islamist-rally-1 പാക്കിസ്ഥാനിൽ പ്രതിഷേധം നടത്തുന്നവർ. ചിത്രം: എപി

തിരിച്ചടിച്ചത് ‘ഭേദഗതി’

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇലക്ഷൻസ് ആക്ടിൽ വരുത്തിയ ഭേദഗതിയാണു സർക്കാരിനു തിരിച്ചടിയായത്. നടപടി ഇസ്‌ലാമിക വിശ്വാസത്തെ താഴ്ത്തിക്കെട്ടുന്നതും മതനിന്ദാപരവുമാണെന്ന് ആരോപിച്ചാണു തീവ്രപക്ഷ പാർട്ടിക്കാർ പ്രതിഷേധം നടത്തിയത്.