Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഎൻഎ പരിശോധന: ജയലളിതയുടെ ‘മകളുടെ’ ഹർജി സുപ്രീംകോടതിയിൽ

Jayalalithaa Jayaram

ന്യൂഡൽഹി∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ഹർജിയിൽ സുപ്രീംകോടതി ഇന്നു തീരുമാനം അറിയിക്കും. മകളാണെന്ന അവകാശം സ്ഥാപിച്ചുകിട്ടാൻ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിക്കണമെന്നാണ് അമൃത (മഞ്ജുള)യുടെ ആവശ്യം. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ബന്ധുക്കളായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് അമൃത ഹർജി നൽകിയിരിക്കുന്നത്.

ബെംഗളൂരുവിൽ ജയലളിതയുടെ മുതിർന്ന സഹോദരി ഷൈലജയും അവരുടെ ഭർത്താവ് സാരതിയുമാണു തന്നെ വളർത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. മാർച്ചിൽ സാരതി മരിക്കുന്നതിനു മുൻപു ജയലളിതയുടെ മകളാണു താനെന്നു പറഞ്ഞിരുന്നുവെന്നും അമൃത കൂട്ടിച്ചേർക്കുന്നു. ഇതേത്തുടർന്നു ജയയെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെ വി.കെ. ശശികലയും സംഘവും തകിടംമറിച്ചുവെന്നും ഇവർ പറയുന്നു.

ജയയുടെ മകളാണെന്നു കാട്ടി രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജിമാർ, സിബിഐ എന്നിവർക്കൊക്കെ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും അമൃത കൂട്ടിച്ചേർത്തു.

അമൃത ആരാണെന്നു രഹസ്യമാക്കി വച്ചതു ജയലളിതയുടെ ആദരവിന് ഇടിവു തട്ടാതിരിക്കാനാണെന്നും കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്താതിരിക്കാനുമാണെന്നു ഹർജിയിൽ പറയുന്നു. 1980 ഓഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് ജനിച്ചതെന്നും അമൃത അവകാശപ്പെടുന്നു.

അപ്പോളോ ആശുപത്രിയിൽ നാലു തവണ ജയയെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ശശിലകലയുടെ നിർദേശത്താൽ സുരക്ഷാ ഭടൻമാർ തന്നെ ആട്ടിയകറ്റി. മരണത്തിനുശേഷം മൃതദേഹം അടക്കണമെന്ന് ജയ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അവർ അവകാശപ്പെട്ടു.

related stories