Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികനെതിരെ മാനഭംഗ പരാതി; വിദ്യാർഥിനിയെ സ്കൂളിൽനിന്ന് പുറത്താക്കി

rape

ലാത്തൂർ‌∙ സൈനികൻ മാനഭംഗപ്പെടുത്തിയെന്നു പരാതി നൽകിയ വിദ്യാർഥിനിയെ സ്കൂളിൽനിന്ന് പുറത്താക്കി. മഹാരാഷ്ട്രയിൽ ലാത്തൂരിലെ സ്കൂളിലാണു സംഭവം. അതേസമയം, കുട്ടിയുടെ വീട്ടുകാർ സ്വമേധയാ വിടുതൽ‌ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നാണു പ്രിൻസിപ്പൽ പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് പതിനഞ്ചുകാരിയെ ജവാൻ പീ‍ഡിപ്പിച്ചത്. വിവാഹത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. അടുത്തദിവസം പെൺകുട്ടിയും വീട്ടുകാരും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തി. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വലിയ തുക പൊലീസുകാർ കൈക്കൂലി ആവശ്യപ്പെട്ടു. പലവട്ടം നടത്തിക്കുകയും ചെയ്തു. എസ്പിയുടെ നിർദേശത്തെ തുടർന്ന് ഓഗസ്റ്റ് 29നാണ് പരാതി സ്വീകരിച്ചതെന്നു കുട്ടിയുടെ അമ്മാവൻ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്കൂളുമായി ബന്ധപ്പെട്ടു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ പുറത്താക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. ഇങ്ങനെയൊരു കുട്ടിയെ പഠിപ്പിക്കുന്നതു സ്കൂളിന് അപകീർത്തി വരുത്തുമെന്ന് സഹോദരനോട് അധികൃതർ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ സ്കൂൾ പ്രിൻസിപ്പൽ നിഷേധിച്ചു.

വിദ്യാർഥിയുടെ സഹോദരനാണ് വിടുതൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. അതിനിടെ, മാനഭംഗക്കുറ്റത്തിന് സൈനികനെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.