Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മാവതി’ നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? ആഞ്ഞടിച്ച് സുപ്രീംകോടതി

Padmavati-new

ന്യൂഡൽഹി∙ ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മനോഹർ ലാൽ ശർമ സമർപ്പിച്ച രണ്ടാമത്തെ ഹർജിയാണു കോടതി തള്ളിയത്. ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്നും കോടതി വ്യക്തമാക്കി. പത്മാവതി വിഷയത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുൾപ്പെടെ കനത്ത തിരിച്ചടിയാകുന്നതാണു കോടതിയുടെ നിരീക്ഷണം. 

സെൻസർ ബോർഡിൽ(സിബിഎഫ്സി)നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ പത്മാവതി പോലുള്ള സിനിമകളെപ്പറ്റി പരാമർശങ്ങൾ നടത്തുന്നതിനെയും കോടതി വിമർശിച്ചു. ‘പത്മാവതി വിഷയം സെൻസർ ബോർഡിന്റെ പരിഗണനയിലാണ്. ചിത്രം പരിശോധിച്ച് ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നു പറയാൻ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർക്ക് എങ്ങനെ സാധിക്കും? അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണ്. മാത്രവുമല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതു വിഷയത്തെ മുൻവിധിയോടെ സമീപിക്കാൻ സെൻസർ ബോർഡിനെയും പ്രേരിപ്പിക്കും’– കോടതി നിരീക്ഷിച്ചു. 

ചിത്രത്തിൽനിന്നു ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നും ഹർജിയിലുണ്ട്. ചരിത്രത്തെ വികൃതമാക്കിയെന്നാരോപിച്ചു സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ കേസെടുക്കണമെന്നും ഹർജി ആവശ്യപ്പെട്ടു. നവംബർ 10നു മറ്റൊരു ഹർജി പരിഗണിക്കുമ്പോഴും സെൻസർ ബോർഡ് ഇതുവരെ സിനിമ സെൻസർ ചെയ്തു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപേ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ‘പത്മാവതി’ക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ഗുജറാത്താകട്ടെ ചിത്രം നിരോധിച്ചു വിജ്ഞാപനവും പുറത്തിറക്കി. പൊതുവികാരങ്ങളെ മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണു ബൻസാലി പ്രവർത്തിക്കുന്നതെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. സംസ്ഥാനത്തു ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും വിവിധ രജ്പുത് സംഘടനകൾക്കു വാക്കു നൽകിയിട്ടുണ്ട്.

ചിത്രത്തിലെ ‘ആക്ഷേപാർഹമായ’ ഭാഗങ്ങൾ ഒഴിവാക്കി വേണം റിലീസെന്നു രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു. ഡിസംബർ ഒന്നിനു നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് വിവാദത്തെത്തുടർന്ന് നിർമാതാക്കൾ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്.

related stories