Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കെതിരെ ലഷ്കറിനെ ഉപയോഗിച്ചിരുന്നു: മുഷറഫിന്റെ വെളിപ്പെടുത്തൽ

Pervez-Musharraf

ഇസ്‌ലാമാബാദ്∙ കശ്മീർ താഴ്‌വരയിൽ ഭീകരസംഘടന ലഷ്കറെ തയിബ പ്രവർ‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. ഇന്ത്യൻ സേനയെ അടിച്ചമർത്താൻ ലഷ്കറിനെ ഉപയോഗിക്കുന്നതിനോടു തനിക്കു താൽപര്യമുണ്ടായിരുന്നുവെന്നും പാക്ക് ടെലിവിഷൻ ചാനൽ എആർവൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ മുഷറഫ് വ്യക്തമാക്കി. ലഷ്കറിനും സ്ഥാപകൻ ഹാഫിസ് സയീദിനും ഏറ്റവുമധികം പിന്തുണ നൽകിയതു താനാണെന്നും മുഷറഫ് പറഞ്ഞു.

ലഷ്കറെ തയിബയ്ക്കും ജമാഅത്തുദ്ദഅവയ്ക്കും തന്നോടു താല്‍പര്യമുണ്ട്. സയീദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കശ്മീരിൽ ലഷ്കർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മുഷറഫ് തുറന്നുസമ്മതിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണു കശ്മീർ. അവിടെ നടപടികളെടുക്കുന്നതിൽ തനിക്കു താൽപര്യമുണ്ട്. ലഷ്കർ വളരെ ശക്തരാണ്. യുഎസുമായി ചേർന്ന് അവരെ ഭീകരരായി മുദ്രകുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തലയ്ക്ക് 64 കോടി രൂപ ഇനാം പ്രഖ്യാപിച്ചു സയീദിനെ ഭീകരനായി യുഎസ് മുദ്രകുത്തി. പക്ഷേ, സയീദ് ആക്രമണത്തിലുൾപ്പെട്ടിരുന്നില്ല. സൂത്രധാരനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചതാണെന്നും മുഷറഫ് പറയുന്നു. എന്നാൽ ഇപ്പോൾ സയീദിനെ അനുകൂലിച്ച് രംഗത്തെത്തിയ മുഷറഫ്, 2002ൽ അധികാരത്തിലിരുന്ന സമയത്ത് പാക്കിസ്ഥാനിൽ ലഷ്കറിനെ നിരോധിച്ചിരുന്നു.

സയീദിനു പിന്തുണയുമായി മുൻപും മുഷറഫ് രംഗത്തെത്തിയിരുന്നു. ജമാഅത്തുദ്ദഅവ പാക്ക് താലിബാനെതിരാണ്. പാക്കിസ്ഥാനിലോ മറ്റു സ്ഥലങ്ങളിലോ അവർ യാതൊരു തരത്തിലുമുള്ള ഭീകരപ്രവർത്തനവും നടത്തിയിട്ടില്ല. അതിനാൽ ഇവ വ്യത്യസ്തമായി പരിഗണിക്കണം. ജമാഅത്തുദ്ദവയേയും ഹാഫിസ് സയീദിനെയും ബഹുമാനിക്കണമോയെന്ന പോലെ ഭീകരവാദത്തെക്കുറിച്ചും ഞങ്ങൾ ആശയക്കുഴപ്പത്തിലാണ് – മുഷറഫ് പറഞ്ഞു.