Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം വന്നാലെന്ത് ചെയ്യും? ഇന്ത്യയിൽ പത്തിലൊന്ന് മരുന്നും വ്യാജൻ

medicine

ന്യൂഡൽഹി∙ ഇന്ത്യയിൽ വ്യാജ മരുന്നുകൾ വ്യാപകമെന്ന് ലോകാരോഗ്യ സംഘടന. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ വിൽക്കപ്പെടുന്ന മരുന്നുകളിൽ പത്തിലൊന്നും നിലവാരം കുറഞ്ഞതോ വ്യാജനോ ആണെന്നാണു ലോകാരോഗ്യ സംഘടനയുടെ ഗവേഷണ റിപ്പോർട്ട്. ചികിത്സ ഫലിക്കില്ലെന്നു മാത്രമല്ല, ഗുരുതരമായ പുതിയ രോഗങ്ങൾക്കും ഇവ കാരണമാകുമെന്നു റിപ്പോർട്ട് പറയുന്നു.

ഇന്ത്യ ഉൾപ്പെടെ വികസ്വര, അവികസിത രാജ്യങ്ങളിലാണു വ്യാജമരുന്നുകൾ വ്യാപകം. മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. 2013 മുതല്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ആന്റിബയോട്ടിക് ഉൾപ്പെടെ 1,500ലേറെ വ്യാജമരുന്നുകളാണു വിതരണം ചെയ്യുന്നത്.

വ്യാജമരുന്നുകളുടെ 42 ശതമാനവും ആഫ്രിക്കൻ മേഖലയിലാണ്. 21 ശതമാനം അമേരിക്കൻ മേഖലയിലും 21 ശതമാനം യൂറോപ്യൻ മേഖലയിലുമാണ്. ഇതിനേക്കാൾ പലമടങ്ങ് വ്യാജനുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പശ്ചിമ പസിഫിക് പ്രദേശത്ത് എട്ട്, കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് ആറ്, തെക്കുകിഴക്ക് ഏഷ്യയിൽ രണ്ട് ശതമാനം വീതമേ വ്യാജമരുന്നുള്ളൂ എന്നത് ശരിയായ കണക്കല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

വ്യാജമരുന്നുകൾ എഎംആറിന് (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കാരണമാകുന്നുവെന്നു റിപ്പോർട്ട് വിമർശിക്കുന്നു. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ളവയോടു ശരീരം പ്രതിപ്രവർത്തിക്കുകയും ബാക്ടീരിയയും വൈറസും കരുത്താർജിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് വ്യക്തിയുടെ പ്രതിരോധ ശേഷി കുറയ്ക്കുന്നു. വിദേശ യാത്രകൾ കൂടിയതോടെ വ്യാജൻ എല്ലാവരിലും എത്തുന്നുണ്ട്. ശരിയായ മരുന്നുകളുടെ ഫലം കുറയാനും പുതിയ രോഗങ്ങൾക്കും എഎംആർ കാരണമാകും.

വ്യാജന്റെ വിളയാട്ടം ലോകപ്രതിഭാസമാണെന്നും മരുന്നുകളുടെ വിൽപ്പനയിൽ വൻ വർധനയാണ് ഉണ്ടായതെന്നും റിപ്പോർട്ട് പറയുന്നു. 15 വർഷം മുൻപ് മരുന്നുകളുടെ ആഗോള വിൽപനമൂല്യം 500 ബില്യൻ ഡോളറായിരുന്നു. മധ്യവർഗ രാജ്യങ്ങളുടെ വാങ്ങൽശേഷി കൂടിയതോടെ മരുന്നുവിൽപ്പന 1.1 ട്രില്യൺ ഡോളറിലേക്കു കുതിച്ചുയർന്നു.