Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻവിധികളും അസഹിഷ്ണുതയും ഉപേക്ഷിക്കൂ: ബുദ്ധഭിക്ഷുക്കളോട് മാർപാപ്പ

Pope Francis-1 മ്യാൻമറിൽ വിശ്വാസി സമൂഹത്തെ ആശീർവദിക്കുന്ന ഫ്രാൻസിസ് മാർപാപ്പ.

യാങ്കൂൺ∙ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ വിശ്വാസികള്‍ക്കായി കുര്‍ബാന അര്‍പ്പിച്ചു. യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്ത് പ്രത്യേക വേദിയില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ ഒന്നര ലക്ഷത്തിലധികം വിശ്വാസികളാണു പങ്കെടുത്തത്. ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലായ സംഘയുമായി ചർച്ച നടത്തിയ മാർപാപ്പ, മ്യാന്‍മറിലെ മെത്രാന്‍മാരുമായും കൂടിക്കാഴ്ച നടത്തി.

ബുദ്ധ ഭിക്ഷുക്കളുടെ പരമോന്നത കൗൺസിലിലെ 47 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ റോഹിൻഗ്യകളെക്കുറിച്ച് ഇവിടെയും പരാമർശിച്ചില്ല. അതേസമയം, എല്ലാവിധ തെറ്റിദ്ധാരണകളും അസഹിഷ്ണുതയും മുൻവിധികളും വിദ്വേഷവും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഒന്നര ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്ത യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്തെ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാന മധ്യേയും ക്ഷമയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത മാർപാപ്പ എടുത്തുപറഞ്ഞു. മ്യാന്‍മറില്‍ ഒട്ടേറെപ്പേര്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയും മുറിവുകളും പേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷമയും സഹാനുഭൂതിയും കാട്ടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. പ്രതികാരം ക്രിസ്തുവിന്റെ മാര്‍ഗമല്ലെന്നും കുര്‍ബാനയില്‍ പങ്കെടുത്ത ഒന്നരലക്ഷത്തോളം വരുന്ന വിശ്വാസികളോടായി മാര്‍പാപ്പ പറഞ്ഞു.

അതേസമയം, അടിച്ചമര്‍ത്തപ്പെട്ടവരെപ്പറ്റി പറഞ്ഞെങ്കിലും റോഹിന്‍ഗ്യ വിഷയം മാര്‍പാപ്പ പരാമര്‍ശിച്ചില്ല. ഇന്നലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചിയുമായി നടത്തിയ ചര്‍ച്ചയിലും റോഹിന്‍ഗ്യ എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പ സഹവര്‍ത്തിത്വത്തിന് ആഹ്വാനം െചയ്തത്. രാവിലെ പോപ്പ് മൊബീലില്‍ എത്തിയ മാര്‍പ്പാപ്പ കയ്ക്കാസന്‍ മൈതാനത്ത് തടിച്ചുകൂടിയ വിശ്വാസികളെ ആശീര്‍വദിച്ചു.

നാളെ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ബംഗ്ലദേശിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ റോഹിൻഗ്യ അഭയാര്‍ഥികളെ മാര്‍പ്പാപ്പ കാണുന്നുണ്ട്.