Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പ്: ഇ. മധുസൂദനൻ അണ്ണാ ഡിഎംകെ സ്ഥാനാർഥി

E Madhusudhanan

ചെന്നൈ∙ ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ അണ്ണാ ഡിഎംകെ സ്ഥാനാർഥി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പാർട്ടി ആസ്ഥാനത്തു നടന്ന ഉന്നതതല യോഗത്തിനു ശേഷം ജില്ലാ നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു ജയിലിൽ വി.കെ.ശശികലയെ സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ഏപ്രിലിൽ റദ്ദാക്കിയ ഉപതിരഞ്ഞെടുപ്പിൽ ഒപിഎസ് പക്ഷത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നതു മധുസൂദനനായിരുന്നു. അദ്ദേഹത്തിനു വീണ്ടും അവസരം നൽകണമെന്ന കാര്യത്തിൽ ഒപിഎസ് പക്ഷം ഉറച്ചു നിൽക്കുകയായിരുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ മധുസൂദനനാണ് ഏറ്റവും വിജയ സാധ്യതയുള്ളയാൾ എന്ന വാദം ബുധനാഴ്ചത്തെ യോഗത്തിൽ ഒപിഎസ് പക്ഷ നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഡിഎംകെ യുവ നേതാവിനെ രംഗത്തിറക്കിയ സാഹചര്യത്തിൽ അതിനോട് കിടപിടിക്കുന്ന സ്ഥാനാർഥി വേണമെന്നായിരുന്നു ഇപിഎസ് പക്ഷത്തെ നേതാക്കളുടെ നിലപാട്. ആർകെ നഗർ ഏരിയ സെക്രട്ടറി മരുധു ഗണേഷാണ് ഡിഎംകെ സ്ഥാനാർഥി.

അതിനിടെ സ്ഥാനാർഥിയെ നിശ്ചയിച്ച യോഗത്തിൽവച്ച് ഇപിഎസ്– ഒപിഎസ് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതായി സൂചനയുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി നേരിട്ട് ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. യോഗത്തിൽ ഏകാഭിപ്രായം ഉണ്ടാകാത്തതിനെ തുടർന്ന് ജില്ലാ നേതാക്കളുടെ കൂടി അഭിപ്രായം അറിയാൻ തീരുമാനിക്കുകയായിരുന്നു.

ശശികല പക്ഷത്തെ മൂന്ന് എംപിമാർ കൂറുമാറി

ആർകെ നഗറിൽ രാഷ്ട്രീയ നിലനിൽപ്പിനായുള്ള പോരാട്ടത്തിനൊരുങ്ങുന്ന ശശികല വിഭാഗത്തിനു കനത്ത തിരിച്ചടിയേൽപ്പിച്ച് മൂന്നു എംപിമാർ കൂറുമാറി. രാജ്യസഭാ എംപിമാരായ നവനീത കൃഷണൻ, വിജയല സത്യാനന്ദ്, ഗോപാലകൃഷ്ണൻ എന്നിവരാണ് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയെ വസതിയിൽ സന്ദർശിച്ചു പിന്തുണ അറിയിച്ചത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം പക്ഷത്തെ എംഎൽഎമാരും എംപിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്ന സമയത്താണു എംപിമാർ എത്തിയത്.

രണ്ടില ചിഹ്നം എവിടെയുണ്ടോ അവിടെയാണു താനെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം വിജയല പറഞ്ഞു, മറ്റു രണ്ടു പേരും പരസ്യപ്രതികരണത്തിനു തയാറായില്ല. ദിനകരപക്ഷത്ത് ഇനി മൂന്നു എംപിമാർ കൂടി മാത്രമാണ് അവശേഷിക്കുന്നത്. ദിനകരനോട് കൂറു പ്രഖ്യാപിച്ച രാജ്യസഭാ എംപിമാരെ അയോഗ്യരാക്കുന്നതിനു നേരത്തേ അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷം നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉപരാഷ്ട്രപതിയെ സന്ദർശിച്ച നേതാക്കൾ ആവശ്യം ഉന്നയിച്ച് കത്തു നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുൻപാണു എംപിമാർ ഔദ്യോഗിക വിഭാഗത്തോട് കൂറു പ്രഖ്യാപിച്ചത്.