Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് ഉടമ്പടി: 50 ബില്യൺ യൂറോ നഷ്ടപരിഹാരവുമായി ബ്രിട്ടൻ

Theresa May

ലണ്ടൻ∙ നഷ്ടപരിഹാരത്തുകയിൽ തട്ടിനിന്ന ബ്രെക്സിറ്റ് ചർച്ചകൾക്കു വേഗം കൂട്ടാൻ വിട്ടുവീഴ്ചയ്ക്കു തയാറായി ബ്രിട്ടൻ. നഷ്ടപരിഹാരമായി നൽകേണ്ട തുകയെ (ഡൈവേഴ്സ് ബിൽ) സംബന്ധിച്ച തർക്കമാണു ചർച്ചകൾക്കു പ്രധാന തടസമായിരുന്നത്. ആറു വട്ടം ഇരുകൂട്ടരും ചർച്ചനടത്തിയിട്ടും ഇക്കാര്യത്തിൽ സമവായത്തിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദ്യം മുന്നോട്ടുവച്ച തുകയുടെ ഇരട്ടിയിലേറെ വാഗ്ദാനം ചെയ്ത് ബ്രിട്ടൻ വിട്ടുവീഴ്ചയ്ക്കു തയാറായത്.

തുടക്കത്തിൽ നഷ്ടപരിഹാരത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നുവരെ വീമ്പിളക്കിയിരുന്ന ബ്രിട്ടൻ 18 ബില്യൺ പൗണ്ടാണ് ആദ്യം വാഗ്ദാനം ചെയ്തത്. ഏറ്റവും ഒടുവിൽ 50 ബില്യൺ യൂറോയ്ക്കു സമാനമായ 44 ബില്യൺ പൗണ്ട് ബ്രിട്ടൻ ഓഫർ ചെയ്തതെന്നു ബിബിസി റിപ്പോർട്ടു ചെയ്യുന്നു. മറ്റു ചെലവുകൾ എല്ലാം കൂട്ടി തുക 55 ബില്യൺ യൂറോയായി (50 ബില്യൺ പൗണ്ട്) ഉയരാനുള്ള സാധ്യതയും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

ബ്രിട്ടിഷ് സർക്കാരോ പ്രധാനമന്ത്രിയുടെ ഓഫിസോ പുതിയ വാഗ്ദാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർത്തകൾ നിഷേധിച്ചതുമില്ല. ചർച്ചകൾ പുരോഗമിക്കുകയാണെന്നായിരുന്നു യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മിഷേൽ ഗാർണിയറുടെ പ്രതികരണം. യൂറോപ്യൻ യൂണിയനുമായി സുഗമമായ വ്യാപാര ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുള്ള കരാറാണു ബ്രിട്ടൻ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് യൂണിയൻ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത് മൂന്ന് ഉപാധികളാണ്. അതിൽ പ്രധാനപ്പെട്ടതാണ് മാന്യമായ നഷ്ടപരിഹാരത്തുക.

ബ്രിട്ടനിൽ നിലവിലുള്ള യൂറോപ്യൻ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചുള്ളതാണു രണ്ടാമത്തെ തർക്കം. ഇതിൽ ബ്രിട്ടന് വലിയ കടുംപിടുത്തമില്ല. നിലവിലുള്ളവർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നതിൽ യോജിപ്പാണ്. പകരം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലുള്ള ബ്രിട്ടിഷ് പൗരന്മാർക്ക് അവിടങ്ങളിൽ സമാനമായ സാഹചര്യം ഉറപ്പാക്കണം. നോർത്തേൺ അയർലൻഡ് അതിർത്തിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച തർക്കമാണു മൂന്നാമത്തേത്. റിപ്പബ്ലിക് ഓഫ് അയർലൻഡും ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡും തമ്മിലുള്ള അതിർത്തി പൂർണമായും കെട്ടിയടക്കുന്നതിനോട് യൂറോപ്യൻ യൂണിയനു യോജിപ്പില്ല.

ചരിത്രപരമായും മതരപമായും സാംസ്കാരികമായും ഇരുജനതയും തമ്മിലുള്ള അടുപ്പം നിലനിർത്താൻ ഇവർക്കിടയിൽ നിയന്ത്രണങ്ങളില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാണു യൂണിയന്റെ നിലപാട്. എന്നാൽ ഈ പഴുതിലൂടെ അഭയാർഥികളും മറ്റ് രാജ്യക്കാരും അനധികൃതമായി കുടിയേറുമെന്നാണു ബ്രിട്ടന്റെ വാദം. നഷ്ടപരിഹാരത്തുക ഏറെക്കുറെ സ്വീകാര്യമായ രീതിയിൽ ഉയർത്തിയതിനാൽ മറ്റ് രണ്ട് വിഷയങ്ങളിലും ബ്രിട്ടന് അനുകൂലമായ തീരുമാനമെടുക്കാൻ യൂണിയൻ തയാറായേക്കും.

ഇനിയുള്ള ചർച്ചകളിൽ ബ്രെക്സിറ്റ് ഉടമ്പടിയിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ‌ ഇതു സഹായിക്കും. കടുംപിടുത്തവും സമ്മർദവും  തുടർന്നാൽ ബ്രിട്ടൻ കനത്ത നിലപാടുകളിലേക്കു മാറുമെന്ന സൂചനയുമുണ്ട്. 50 ബില്യൺ യൂറോ എന്ന വൻ തുക നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെന്ന വാർത്തയോട് ബ്രെക്സിറ്റ് വിരുദ്ധരുടെ പ്രതികരണം അതിശക്തമാണ്.