Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

Aby

കൊച്ചി∙ പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി (52) അന്തരിച്ചു. രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ.

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.

കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഈട’യിലും നായകനാണ് ഷെയ്ൻ.