Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സർക്കാർ ഉണരാൻ വൈകി; ‘ഓഖി’ ഉറഞ്ഞുതുള്ളി

Ockhi-cyclone-map

തിരുവനന്തപുരം∙ ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ജാഗ്രതാസന്ദേശം നൽകാനോ  സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താനോ സർക്കാർ തയാറാകാതിരുന്നതു മൂലം നഷ്ടമായതു വിലപ്പെട്ട ജീവനുകൾ. കോടികളുടെ മറ്റു നഷ്ടങ്ങളും.

ചുഴലിക്കാറ്റിന്റെ  സൂചന ലഭിച്ച് വിലപ്പെട്ട നാലുമണിക്കൂറെങ്കിലും സർക്കാർ പാഴാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചില്ലെന്ന സാങ്കേതിക ന്യായത്തിൽ സർക്കാരിനു പിടിച്ചുതൂങ്ങാമെങ്കിലും അനാസ്ഥ പ്രകടം. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി 28നു തന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പിൽനിന്നു ലഭിച്ച സന്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇത് അവഗണിക്കപ്പെട്ടു. ശ്രീലങ്കൻ തീരത്തുണ്ടായ ന്യൂനമർദം മൂലം മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും 29നു വീണ്ടും കേന്ദ്ര മുന്നറിയിപ്പു വന്നു. മൽസ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നും നിർദേശമുണ്ടായിരുന്നു.

ന്യൂനമർദത്തിന്റെ ദിശമാറി കേരള തീരത്തിനടുത്തു കൂടിയാണു കടന്നുപോകുന്നതെന്നു 30നു രാവിലെ വ്യക്തമായി. ഉപഗ്രഹ ചിത്രങ്ങളിൽനിന്നു ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന സാധ്യതയും   രാവിലെ എട്ടു മണിയോടെ വ്യക്തമായി. എന്നാൽ, ചുഴലിക്കാറ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കാനും സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നാലു മണിക്കൂറോളം വേണ്ടിവന്നു. ഈ സമയത്തൊന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ സർക്കാരിനെ അറിയിക്കാനോ റവന്യു വകുപ്പിനു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കഴിഞ്ഞില്ല. റവന്യു മന്ത്രി പോലും ചുഴലിക്കാറ്റ് സാധ്യതയെക്കുറിച്ച് അറിഞ്ഞതു 12 മണിയോടെയാണ്.

ചുഴലിക്കാറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നടപടിക്രമങ്ങൾ സാധ്യമല്ലെന്നാണു സർക്കാരിന്റെ നിലപാട്. പക്ഷേ, സൂചന ലഭിച്ചിട്ടും നടപടിയെടുക്കാൻ വൈകിയ ആ നാലുമണിക്കൂറാണു ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചത്. കാറ്റിലും മഴയിലും മരങ്ങൾ വീണു തുടങ്ങിയ ശേഷം ഉച്ചയ്ക്കു തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ പതിനായിരക്കണക്കിനു കുട്ടികളെ നിരത്തിലേക്കിറക്കിവിട്ടതും വിമർശനത്തിനു കാരണമായി.

നവംബർ 29 ഉച്ചയ്ക്ക് 2.30

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ ഹംപൻതൊട്ട തീരത്തു ന്യൂനമർദം. കന്യാകുമാരിയിൽനിന്ന് 500 കി.മീ. അകലെ. കേരളതീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത. ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

നവംബർ 30 പുലർച്ചെ 1:30

കാറ്റ് 65 കിലോമീറ്റർ വരെ വേഗത്തിലെത്തും. ന്യൂനമർദം കന്യാകുമാരിയിൽനിന്ന് 270 കിലോമീറ്റർ തെക്കുകിഴക്ക്. കേരളത്തിനു ചുഴലിക്കാറ്റു മുന്നറിയിപ്പ് ഇല്ല.

നവംബർ 30 രാവിലെ 8.00

ന്യൂനമർദം തീവ്രന്യൂനമർദമായി കന്യാകുമാരി മേഖലയിലേക്കു നീങ്ങുന്നു. ലക്ഷദ്വീപിനു ചുഴലിക്കാറ്റു മുന്നറിയിപ്പ്. ന്യൂനമർദപാതയും ദിശയും 170 കിലോമീറ്റർ തെക്കുകിഴക്കു ഭാഗത്ത്. കേരളത്തിനു ചുഴലിക്കാറ്റു മുന്നറിയിപ്പ് ഇല്ല.

നവംബർ 30 ഉച്ചയ്ക്ക് 12.00

ന്യൂനമർദം ചുഴലിക്കാറ്റായി. പേര് ഓഖി. കേരളത്തിലെ തെക്കൻ ജില്ലകൾക്കും കന്യാകുമാരിക്കും ലക്ഷദ്വീപിനും ചുഴലിക്കാറ്റു മുന്നറിയിപ്പ്. ന്യൂനമർദപാതയുടെ അതിരുകൾ കേരളത്തിന്റെ തീരത്ത് എത്തും. ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 60 കിലോമീറ്റർ തെക്ക്. തിരുവനന്തപുരത്തു നിന്നു 120 കിലോമീറ്റർ തെക്കുപടിഞ്ഞാറ്. കടലിലും തീരപ്രദേശത്തും കനത്ത നാശം. 

related stories