Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ പരീക്ഷയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം; ആരോപണവുമായി ബിജെപി

Exam - Representational image

കൊൽക്കത്ത∙ ബംഗാളിൽ അടുത്തിടെ നടന്ന പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം. ഇതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി ബംഗാൾ ഘടകം കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർക്കു കത്തെഴുതി. ജോഗ്രഫി പരീക്ഷയ്ക്കു നൽകിയ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ ചൈനയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജു ബാനർജി ആരോപിച്ചു. മാത്രമല്ല, അരുണാചൽ പ്രദേശ് ഇന്ത്യയിൽനിന്നു വിട്ടുനിൽക്കുന്ന മേഖലയായിട്ടാണു ഭൂപടത്തിൽ കാണിച്ചിരിക്കുന്നതെന്നും ബാനർജി ആരോപിച്ചു.

വെസ്റ്റ് ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (ഡബ്ല്യുബിബിഎസ്ഇ) അംഗീകരിച്ച ഭൂപടമാണിതെന്നും ദേശവിരുദ്ധ ഭൂപടത്തിൽ ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടർമാർക്ക് രേഖപ്പെടുത്തിയിട്ടുമുണ്ടെന്നും ബാനർജി കത്തിൽ പറയുന്നു. ഈ ഭൂപടം തൃണമൂൽ കോൺഗ്രസിന്റെ സ്കൂൾ അധ്യാപക സംഘടന വഴിയാണു സ്കൂളുകളിൽ വിതരണം ചെയ്തത്.

അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി വ്യക്തമാക്കി. തെറ്റായി ചിത്രീകരിച്ച ഭൂപടം ഉപയോഗിച്ചു ബിജെപി ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടർമാർക്ക് ഉണ്ടെന്നതുകൊണ്ട് അതു ബോർഡിന്റേത് ആകണമെന്നില്ല. ഡബ്ല്യുബിബിഎസ്ഇയുടെ ഭൂപടങ്ങൾക്കെല്ലാം ഓരോ കോഡ് ഉണ്ട്. അത് അവർക്കു മാത്രമേ അറിയൂയെന്നും ചാറ്റർജി പറഞ്ഞു. ഡബ്ല്യുബിബിഎസ്ഇയുടെ ഒരു ഭൂപടവും ചാറ്റർജി മാധ്യമങ്ങളെ കാണിച്ചു.

വിഷയത്തിൽ അന്വേഷണം നടത്താൻ ഡബ്ല്യുബിബിഎസ്ഇയോടു നിർദേശം നൽകിയിട്ടുണ്ടെന്നും ചാറ്റർജി കൂട്ടിച്ചേർത്തു. തെറ്റായി ചിത്രീകരിച്ച ഭൂപടം മാധ്യമങ്ങളെ കാണിച്ചയാളും അന്വേഷണ പരിധിയിൽ വരുമെന്നും ഇദ്ദേഹത്തിന് എവിടെനിന്നാണു ഭൂപടം കിട്ടിയതെന്ന് അന്വേഷിക്കുമെന്നും തൃണമൂൽ സെക്രട്ടറി ജനറൽ കൂടിയായ ചാറ്റർജി വ്യക്തമാക്കി.  

related stories