Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ കൈയിൽ വിഷത്തിനു മറുമരുന്ന് ഉണ്ടായിരുന്നു?

Kim Jong-Nam

ക്വാലലംപുർ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൊല്ലപ്പെട്ട അർധ സഹോദരൻ കിം ജോങ് നാമിന്റെ കൈവശം വിഷത്തിനു മറുമരുന്ന് ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. വിഎക്സ് എന്ന രാസവസ്തു ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയത്. ഇതിനുള്ള മറുമരുന്ന് നാമിന്റെ ബാഗിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് മലേഷ്യൻ കോടതിയിൽ നടന്ന വാദത്തിനിടെ ടോക്സിക്കോളജിസ്റ്റ് ഡോ. കെ. ഷർമിള അറിയിച്ചു. ചെറിയ കുപ്പിയിലാണ് മരുന്നു സൂക്ഷിച്ചിരുന്നത്.

വിഎക്സ്, കീടനാശിനികൾ പോലുള്ളവയ്ക്കെതിരെ പ്രയോഗിക്കാവുന്ന മറുമരുന്നായിരുന്നു നാമിന്റെ കൈവശം ഉണ്ടായിരുന്നത്. വിഎക്സ് ഉപയോഗിച്ചാണ് ഇന്തൊനീഷ്യക്കാരി സീതി ഐസിയയും വിയറ്റ്നാംകാരി ഡൊവാൻ തി ഹുയോങ്ങും നാമിനെ കൊലപ്പെടുത്തിയത്. ഇവർക്കൊപ്പം നാല് ഉത്തര കൊറിയൻ അഭയാർഥികളും കൊലക്കേസിൽ പ്രതികളാണ്. ഫെബ്രുവരി 13നായിരുന്നു ക്വാലലംപുർ വിമാനത്താവളത്തിൽ നാമിനെ കൊലപ്പെടുത്തിയത്.

മക്കാവുവിൽ പ്രവാസത്തിൽ കഴിഞ്ഞിരുന്ന നാം ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ നിശിത വിമർശകനായിരുന്നു. ഇതേത്തുടർന്ന് നാമിനെ വധിക്കാൻ ഉത്തര കൊറിയ പദ്ധതിയിട്ടിരുന്നതായി ദക്ഷിണ കൊറിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നാമിന്റെ മൃതദേഹവും കൊലപാതകവുമായി ബന്ധപ്പെട്ടു സംശയിക്കുന്നവരെയും ഉത്തര കൊറിയയുടെ സമ്മർദ്ദത്തിന്റെ ഫലമായി മലേഷ്യയ്ക്കു വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. എംബസിയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. ഉത്തരകൊറിയയിൽ എത്തിയ ഒൻപതു മലേഷ്യക്കാരെ രാജ്യം വിടാൻ അനുവദിക്കാതിരുന്നതോടെയാണു മല്യേഷയ്ക്കു മൃതദേഹവും ഒളിച്ചിരുന്നവരെയും വിട്ടുകൊടുക്കേണ്ടി വന്നത്.

കിം ജോങ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഉത്തര കൊറിയ നിഷേധിച്ചിട്ടുണ്ട്. കേസിൽ കോടതി ഇനി ജനുവരി 22നു വാദം കേൾക്കും.