Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ തീരുമാനമായി, വിശാൽ ആർകെ നഗറിൽ മൽസരിക്കില്ല, പത്രിക തള്ളി

Vishal

ചെന്നൈ∙ ‘തള്ളലും’ ‘കൊള്ളലും’ ‘മാറ്റിവയ്ക്കലിനും’ ശേഷം തമിഴ് നടൻ വിശാലിന്റെ നാമനിർദേശ പത്രികയുടെ കാര്യത്തിൽ തീരുമാനമായി. മണിക്കൂറുകൾ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയതായി കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി വിശാൽ പത്രിക നൽകിയിരുന്നു.

സൂക്ഷ്മ പരിശോധനയിൽ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകുന്നേരം വാർത്തയെത്തിയിരുന്നു. പിന്നാലെ തന്റെ വാദങ്ങൾ വിശാൽ റിട്ടേണിങ് ഓഫിസറുടെ മുൻപാകെ അവതരിപ്പിച്ചു. പുറത്തിറങ്ങിയ വിശാൽ തന്റെ വാദങ്ങൾ അംഗീകരിച്ചതായും പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായും മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടർ പരിശോധനകൾക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നും രാത്രി കമ്മിഷന്റെ അറിയിപ്പെത്തി. പിന്നാലെ രാത്രി വൈകി തള്ളിയെന്ന അറിയിപ്പും.

തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ സൂക്ഷ്മ പരിശോധനയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണ് വിശാലിന്റെ പത്രിക തള്ളിയത്. വിശാലിനെ നാമനിർദേശം ചെയ്തു പത്രികകൾ സമർപ്പച്ചവരിൽ എട്ടുപേരുടേതാണ് പൂർണതയുള്ള അപേക്ഷകൾ. ഇതു കമ്മിഷൻ തീരുമാനിച്ച എണ്ണത്തിൽ കുറവാണെന്നും അതിനാൽ പത്രിക തള്ളുന്നുവെന്നുമാണ് റിട്ടേണിങ് ഓഫിസർ കെ. വേലുസാമി ഉത്തരവിൽ അറിയിച്ചത്. അതിനിടെ, വിശാലിനുവേണ്ടി പത്രിക സമർപ്പിച്ച സുമതി, ദീപൻ എന്നിവർ വേലുസാമിയുടെ മുന്നിൽ നേരിട്ടെത്തി തങ്ങളുടെ ഒപ്പ് അല്ലെന്ന് അറിയിച്ചു. വ്യാജമായി ഇട്ടതാണെന്നാണ് അവരുടെ വാദം.

പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു വിശാലും പ്രവർത്തകരും ആർകെ നഗറിലെ തിരുവൊട്ടിയൂർ ഹൈറോഡിൽ പ്രതിഷേധം നടത്തിയിരുന്നു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനെത്തുടർന്ന് അൻപതോളം വരുന്ന പ്രവർത്തകർക്കൊപ്പം വിശാലിനെയും പൊലീസ് തൊണ്ടിയാർപേട്ട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്നീടു പരാതി ബോധിപ്പിക്കാൻ റിട്ടേണിങ് ഓഫിസറെ കാണാൻ വിശാലിനെ പൊലീസ് അനുവദിക്കുകയായിരുന്നു.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷൻ തള്ളിയിരുന്നു. ദീപയുടെ പത്രികയിലെ ചില കോളങ്ങൾ പൂരിപ്പിച്ചിരുന്നില്ല. ദീപയുടെ പത്രികയിലെ മിക്ക വിവരങ്ങളും യഥാർഥ ക്രമത്തിലും ആയിരുന്നില്ല. സ്വത്തുവകകളുടെ മൂല്യമെത്രയെന്ന കോളവും പൂരിപ്പിക്കാതെ വിട്ടിട്ടുണ്ട്.

നിരവധി സ്വതന്ത്രസ്ഥാനാർഥികളുടെ പത്രികകൾ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി, എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ എന്നിവരുടെ പത്രികകൾ കമ്മിഷൻ സ്വീകരിച്ചു.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗർ. ഡിസംബര്‍ 17നാണ് ഉപതിരഞ്ഞെടുപ്പ്. 24നാണ് വോട്ടെണ്ണൽ.