Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലറ്റ് ഉപയോഗിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ നിലംതൊടീക്കില്ല: മായാവതി

Mayawati

ലക്നൗ∙ ഉത്തർപ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ ബിജെപിയെ വെല്ലുവിളിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായി മായാവതി രംഗത്ത്. ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്തിയാൽ ബിജെപിയെ കശക്കിയെറിഞ്ഞ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ചരിത്രവിജയം നേടുമെന്നു മായാവതി അവകാശപ്പെട്ടു. നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്നിൽ രണ്ടാമതെത്തിയതിനു പിന്നാലെയാണു ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്താനുള്ള വെല്ലുവിളിയുമായി മായാവതി രംഗത്തെത്തിയത്.

ബിജെപിക്കാർ സത്യസന്ധരും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുമാണെങ്കിൽ വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്തണം. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുകയാണല്ലോ. ജനങ്ങൾ ഒപ്പമുണ്ടെന്ന് ബിജെപി ഇപ്പോഴും കരുതുന്നുണ്ടെങ്കിൽ അവർ ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടത്തട്ടെ. ബാലറ്റ് പേപ്പർ ഉപയോഗിച്ചാൽ ബിജെപി അധികാരം നിലനിർത്തില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു – മായാവതി ലക്നൗവിൽ മാധ്യപ്രവർത്തകരോടു പറഞ്ഞു.

ഈ വർഷമാദ്യം ഉത്തർപ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതു മുതൽ തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ വിമർശനവുമായി മായാവതി രംഗത്തുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടിയാണു ബിജെപി തിരഞ്ഞെടുപ്പു ജയിക്കുന്നതെന്ന ആരോപണം ആദ്യം ഉയർത്തിയതും മായാവതിയാണ്. ഇതു പിന്നീടു ഡൽഹിയിലെ ആംആദ്മി പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ തള്ളിക്കളഞ്ഞു. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്ന് അദ്ദേഹം പരിഹസിച്ചു.

വോട്ടിങ് യന്ത്രങ്ങൾക്ക് ഒരു തകരാറുമുണ്ടായിരുന്നില്ല. പ്രശ്നം അവരുടെ മനസ്സിലും പാർട്ടിയിലുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്ന അവരെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. ജാതി, മത, വിശ്വാസങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. സ്വാഭാവികമായും ജനങ്ങൾ പാർട്ടിയെ സ്വീകരിച്ചു – ദിനേശ് കുമാർ പറഞ്ഞു.

ആകെയുള്ള 16 കോർപറേഷനുകളിൽ 14ലും ബിജെപി വിജയിച്ചപ്പോൾ, അലിഗഡും മീററ്റും പിടിച്ചെടുത്ത ബിഎസ്പിയുടെ മുന്നേറ്റം അപ്രതീക്ഷിതമായി. ബിജെപിയുടെ തട്ടകമായിരുന്നു അലിഗഡ്. ആദ്യമായി സ്വന്തം ചിഹ്നത്തിൽ മത്സരിച്ചാണു മീററ്റിൽ ബിഎസ്പി അത്ഭുത വിജയം നേടിയത്. അതേസമയം, സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ദയനീയമായി പിന്തള്ളപ്പെടുകയും ചെയ്തു.