Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപണം; മല്‍സ്യത്തൊഴിലാളികള്‍ കടലിൽ തിരച്ചിലിനിറങ്ങി

rain-havoc-thiruvananthapuram കാണാതായ മൽസ്യത്തൊഴിലാളികൾക്കായി പ്രാർഥനയോടെ തീരത്തു കാത്തിരിക്കുന്നവർ. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിനിടെ ഉൾക്കടലിൽപ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ആരോപിച്ച് മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാൻ മൽസ്യത്തൊഴിലാളികൾ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുമാണ് തൊഴിലാളികൾ കടലിലേക്കു പോയത്.

നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. കടലിൽപ്പെട്ടവരുടെ ജീവനാണ് തങ്ങൾക്കു പ്രധാനമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീൻ സഭയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്നാണ് ആവശ്യം. രണ്ടു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

കൊച്ചുവേളി മേഖലയിൽനിന്ന് മൽസ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് മൽസ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി അറിയിച്ചു. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ ൈമല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനവും തിരച്ചിലും ഇതുവരെ:

∙ ഇപ്പോഴും കടലിൽ കുടുങ്ങിക്കിടക്കുന്ന 150 പേർക്കായി തിരച്ചിൽ തുടരുകയാണ്. വിവരം ശേഖരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

∙ അതിനിടെ, മൽസ്യത്തൊഴിലാളിയായ ജോൺസനെ തീരസംരക്ഷണ സേന രക്ഷിച്ചു.

∙ മറ്റൊരു സംഭവത്തിൽ കടലിൽ കുടുങ്ങിയ എട്ടു മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ചുപേരെ നീണ്ടകരയിലും രണ്ടുപേരെ കൊച്ചിയിലും ഒരാളെ വിഴിഞ്ഞത്തും എത്തിക്കും.

∙ കൊല്ലം നീണ്ടകരയിൽനിന്നുപോയ ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാനില്ല. ജിതിൻ എന്ന ബോട്ടാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെ നാവികസേന രക്ഷപ്പെടുത്തി.

നരകയാതന വിവരിച്ചു രക്ഷപ്പെട്ടവര്‍

കടലില്‍ കുടുങ്ങിയവര്‍ മൂന്നുദിവസം അനുഭവിച്ചതു സമാനതയില്ലാത്ത ദുരിതമെന്നു വെളിപ്പെടുത്തൽ. ഒപ്പമുണ്ടായിരുന്നയാള്‍ കടലില്‍വീണെങ്കിലും രക്ഷിക്കാനായില്ലെന്നു മല്‍സ്യത്തൊളിലാളികൾ അറിയിച്ചു. വൻ തിരമാലകൾ ബോട്ടുകൾ തകർത്തു; ഇത്രയും വലിയ തിരമാലകൾ കണ്ടിട്ടില്ല. രക്ഷപ്പെട്ടതു ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ചുകിടന്നെന്നും തൊഴിലാളികള്‍ അറിയിച്ചു.

related stories