Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ മിസൈൽ വിക്ഷേപണം ആഘോഷമാക്കി ഉത്തര കൊറിയൻ ജനത

North Korea People

സോൾ ∙ ശക്തിയേറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ദേശീയ ആഘോഷമാക്കി ഉത്തര കൊറിയ. ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ മിസൈൽ വിക്ഷേപണമാണ് രാജ്യം ഉത്സവമാക്കിയത്. മിസൈൽ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സർക്കാർ വാർത്താ ഏജൻസി ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. ഭരണപക്ഷ പാർട്ടിയുടെ മുഖപത്രമായ റോഡങ് സിൻമൻ ഒന്നാം പേജിൽ ബഹുവർണ ചിത്രങ്ങളോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ചിത്രങ്ങളിൽ ജനങ്ങളും സൈനികരും കയ്യടിച്ച് ആഘോഷിക്കുന്നതു കാണാം. 

50 മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണു മിസൈൽ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് അറിയിച്ചു.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇതിലൂടെ ഉത്തര കൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസിലാക്കിക്കൊടുക്കാന്‍ സാധിക്കും എന്നെഴുതിയ ബാനറുകളുമായാണ് ജനങ്ങള്‍ തെരുവുകളിൽ അണിനിരന്നത്. ജനറൽ കിം ജോങ് ഉൻ നീണാൾ വാഴട്ടെ എന്ന ബാനറുകളും കാണാമായിരുന്നു.

ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് -15 ആണ് ഉത്തര കൊറിയ പരീക്ഷിച്ചത്. യുഎസിനെ പൂര്‍ണമായി തകര്‍ക്കാനാവുമെന്നാണ് അവകാശവാദം. ആണവ പദ്ധതികള്‍ക്കെതിരെ യുഎന്നും യുഎസും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ വെല്ലുവിളിച്ചാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ച് പ്രകോപനം തുടർന്നത്. സെപ്റ്റംബറിൽ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയ ശേഷം കുറച്ചുനാൾ ‘നിശബ്ദ’മായിരുന്നു ഉത്തര കൊറിയ.