Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ‘നല്ല ശമരിയാക്കാര’നുമായി ഒഡീഷയിലെ ജില്ലാ ഭരണകൂടം

road-accident-representational-image Representational Image

കേന്ദ്രപ്പാറ (ഒഡീഷ)∙ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി ചികിൽസ കിട്ടാതെ മരിച്ചുപോകുന്ന സംഭവങ്ങൾ വർധിച്ചുവരവേ ‘നല്ല ശമരിയാക്കാരൻ’ പദ്ധതിയുമായി ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലാ ഭരണകൂടം. റോഡ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു 2000 രൂപ നൽകാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ അപകടങ്ങളിൽപ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ആൾക്കാർ ഉൽസാഹം കാട്ടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നതും തുടർന്നു ബുദ്ധിമുട്ടിക്കുന്നതും മറ്റുമാണ് അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിൽനിന്നു ജനങ്ങളെ പിന്നോട്ടുവലിക്കുന്നത്. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നവർക്കു പണം നൽകുന്നതുകൂടാതെ അവരുടെ നല്ല പ്രവൃത്തിയെ അഭിനന്ദിച്ചു സർട്ടിഫിക്കറ്റും നൽകും. നിയമപരമായ സഹായവും ഇവർക്കു നൽകുമെന്നും ജില്ലാ കലക്ടർ ജി. രഘു അറിയിച്ചു. സുപ്രീംകോടതിയുടെ നിർദേശാനുസരണമാണു ‘നല്ല ശമരിയാക്കാരൻ’ നയം ജില്ലാ ഭരണകൂടം രൂപീകരിച്ചത്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്ന സാധാരണക്കാരെ പൊലീസ് പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ‘നല്ല ശമരിയാക്കാരൻ’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന ഗതാഗത വകുപ്പ്, പണം നൽകുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

കേന്ദ്രപ്പാറയിൽ മാത്രം കുറഞ്ഞത് 400 പേരെങ്കിലും ഹൈവെയിലെ അപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിൽ ആശുപത്രിയിൽ എത്തിക്കാൻ വൈകി മരിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിലധികമാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ കുറഞ്ഞത് 200 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നെന്നാണു വിലയിരുത്തൽ.

പദ്ധതി നടപ്പാക്കുന്നതോടെ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള താമസം ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ. പൊലീസ് അന്വേഷണത്തോടുള്ള പേടിയാണ് സഹായിക്കുന്നതിൽനിന്നു ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ നല്ല ശമരിയാക്കാരനാകാൻ ജനങ്ങൾ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷയെന്നു റോഡ് സുരക്ഷാ പ്രചാരകൻ മനോജ് കുമാർ സതപതി അറിയിച്ചു.

നല്ല ശമരിയാക്കാൻ (ഗുഡ് സമരിറ്റൻ)

ബൈബിളിൽ യേശുക്രിസ്തു പറഞ്ഞ ഉപമയാണു നല്ല ശമരിയാക്കാരന്റേത്. യെരുശലേമിൽനിന്നു യെരീഹോവിലേക്കു യാത്ര ചെയ്ത മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നു. മൃതപ്രായനായ അയാളെ കവർച്ച നടത്തിയശേഷം അവർ വഴിയിൽ ഉപേക്ഷിക്കുന്നു. പിന്നാലെയെത്തിയ സമൂഹത്തിലെ ഉന്നതരായവരും മറ്റും അയാളെ കാണാത്തമട്ടിൽ പോയി. ഒടുവിൽ അന്നത്തെക്കാലത്ത് താഴേക്കിടയിലുള്ള വിഭാഗമായി കണക്കാക്കിയിരുന്ന ശമര്യക്കാരനായ ഒരാൾ അതുവഴി വന്ന് ആ മനുഷ്യനെ സഹായിച്ചു.