Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്ര നേട്ടത്തോടെ ടീം ഇന്ത്യ; തുടർച്ചയായ ഒൻപതാം പരമ്പര വിജയം

India Srilanka Test

ന്യൂഡൽഹി ∙ മൂന്നാം ടെസ്റ്റിലെ സമനില കുരുക്കിനിടയിലും ചരിത്ര നേട്ടത്തോടെ ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം പരമ്പര വിജയം. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്കയെ 1–0ത്തിനു തോൽപ്പിച്ചാണ് ഇന്ത്യ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒൻപത് ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2015ലെ ശ്രീലങ്കന്‍ പര്യടനം മുതലാണ് ഇന്ത്യ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ ജയിച്ചു തുടങ്ങിയത്. 2005–08 കാലഘട്ടത്തിൽ ഓസ്ട്രേലിയ ഒൻപതു പരമ്പരകൾ തുടർച്ചയായി വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു.

ധനഞ്ജയ ഡി സിൽവയുടെ സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റിൽ ലങ്ക, ഇന്ത്യയെ സമനിലയിൽ തളച്ചത്. കളിയവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. 188 പന്തുകളിലാണ് ധനഞ്ജയ ഡി സിൽവ സെഞ്ചുറി കടന്നത്. 219 പന്തില്‍ 119 റൺ‌സെടുത്തായിരുന്നു ധനഞ്ജയയുടെ മടക്കം. ടെസ്റ്റിലെ തുടക്കക്കാരനായ റോഷൻ സിൽവ അർധ സെഞ്ചുറി നേടി. 154 പന്തിൽ 74 റൺസ് നേടി റോഷൻ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആർ അശ്വിൻ ഒരു വിക്കറ്റും നേടി.

ശ്രീലങ്കൻ നിരയിൽ രണ്ടു വിക്കറ്റുകൾ മാത്രമാണ് അവസാനദിനം ഇന്ത്യൻ ബോളർമാർക്ക് വീഴ്ത്താൻ സാധിച്ചത്. എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലുമാണ് പുറത്തായ ശ്രീലങ്കൻ താരങ്ങൾ. ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിനെ ആർ. അശ്വിന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 90 പന്തിൽ 36 റൺസുമായാണ് ചണ്ഡിമലിന്റെ മടക്കം. ഒരു റൺസ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ അജിങ്ക്യ രഹാനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലാണ് അവസാന ദിവസം ലങ്ക ബാറ്റിങ് പുനഃരാരംഭിച്ചത്.

രണ്ടാം ഇന്നിങ്സിൽ അഞ്ചിന് 246 എന്ന നിലയിൽ ഡിക്ലയർ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നിൽ 410 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ (91 പന്തിൽ 67) ക്യാപ്റ്റൻ വിരാട് കോഹ്‍ലി (58 പന്തിൽ 50), രോഹിത് ശർമ (49 പന്തിൽ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കരുത്തായത്. ചേതേശ്വർ പൂജാര 66 പന്തിൽ 49 റൺസെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തിൽ ഒൻപതു റൺസുമായി മടങ്ങിയപ്പോൾ, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തിൽ 10 റൺസാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റൺസോടെ പുറത്താകാതെ നിന്നു.

ഈ പരമ്പരയിലാകെ 610 റൺസ് നേടിയ കോഹ്‍ലി, മൂന്നു മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന നാലാമത്തെ താരമായി മാറി. അതേസമയം, പരമ്പരയിലാകെ 17 റൺസ് മാത്രം നേടിയ അജിങ്ക്യ രഹാനെ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. അഞ്ച് ഇന്നിങ്സുകളിൽ ബാറ്റു ചെയ്ത രഹാനെ 4, 0, 2, 1, 10 എന്നിങ്ങനെയാണ് സ്കോർ ചെയ്ത റൺസ്.

related stories