Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽക്ഷോഭം: 29-നു മുന്നറിയിപ്പുകള്‍ നല്‍കിയതു നാലുവട്ടം; ഫോണിലും വിവരം കൈമാറി

Cyclone Ockhi

ന്യൂഡൽഹി‌∙ കേരള തീരത്തു രൂക്ഷമായ കടൽക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പു സന്ദേശങ്ങൾ 29നു നാലു തവണ സംസ്ഥാനസർക്കാരിനു നൽകിയതിനു പുറമെ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഫോണിലും സംസ്ഥാന സർക്കാരിൽ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം.രാജീവൻ അറിയിച്ചു. 

തമിഴ്നാട്ടിലെയും തെക്കൻ കേരളത്തിലെയും മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന ആദ്യ മുന്നറിയിപ്പ് 29നു രാവിലെ 11.50 നാണു നൽകിയത്. സാധാരണ കാലാവസ്ഥാ റിപ്പോർട്ടായല്ല, പ്രത്യേക ബുള്ളറ്റിനുകളായാണു മുന്നറിയിപ്പു സന്ദേശങ്ങൾ നൽകിയതെന്നതിനാൽ സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ ബാധ്യസ്ഥവുമായിരുന്നു. ന്യൂനമർദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമായിരുന്നു മുന്നറിയിപ്പുകൾ. കേരള ചീഫ് സെക്രട്ടറിക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്ട്രേറ്റർക്കും ഉൾപ്പെടെയാണു സന്ദേശം നൽകിയത്. 

ockhi-caution

കേരള സർക്കാരിന് യഥാസമയം മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള ബുള്ളറ്റിനുകൾ പരിശോധിച്ചിരുന്നു. തിരുവനന്തപുരത്തു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സുദേവൻ, ഫോണിൽ സംസ്ഥാന സർക്കാരിലെ ഉന്നതോദ്യോഗസ്ഥർക്ക് അറിയിപ്പു നൽകിയിരുന്നതായും വ്യക്തമായി. 

ആദ്യ മുന്നറിയിപ്പ് 

ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ന്യൂനമർദം കന്യാകുമാരിക്ക് 500 കിലോമീറ്റർ തെക്കുകിഴക്കായി ശക്തിപ്രാപിക്കുന്നു. പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശിയിലേക്കു നീങ്ങുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ള കൂടുതൽ ശക്തിയാർജിക്കും. തെക്കൻ  കേരളത്തിൽ പരക്കെയും ചിലയിടങ്ങളിൽ ശക്തിയായും മഴയുണ്ടാകും.

കാറ്റ് മുന്നറിയിപ്പ്: തെക്കൻ തമിഴ്നാട്ടിലെയും തെക്കൻ കേരളത്തിന്റെയും തീരങ്ങളിലേക്കു മണിക്കൂറിൽ 65 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനു സാധ്യത. കടൽ നില: കേരള– തമിഴ്നാട് – ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 48 മണിക്കൂർ കടൽ അത്യധികം പ്രക്ഷുബ്ധമാകും. 

മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ്: കേരള തമിഴ്നാട് തീരത്തു മൽസ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂർ കടലിൽ പോകരുത്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ലക്ഷദ്വീപിലെ മൽസ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്. 

രണ്ടാം മുന്നറിയിപ്പ് 

കന്യാകുമാരിക്ക് 360 കിലോമീറ്റർ കിഴക്കു തെക്കു ഭാഗത്ത് എത്തിയിട്ടുള്ള ന്യൂനമർദം പടിഞ്ഞാറു വടക്കു ദിശയിലേക്കു നീങ്ങുകയാണ്. 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കും. തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യത. (ആദ്യ സന്ദേശത്തിലെ കാറ്റ്, കടൽ നില, മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടുണ്ട്) 

മൂന്നാം മുന്നറിയിപ്പ് 

കന്യാകുമാരിക്കു 340 കിലോമീറ്റർ തെക്കു കിഴക്കെത്തിയിട്ടുള്ള ന്യൂനമർദം പടിഞ്ഞാറു ദിശയിലേക്കു നീങ്ങി 24 മണിക്കൂറിനകം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. തെക്കൻ കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴയും തുടർന്നുള്ള 24 മണിക്കൂർ അതിശക്തമായ മഴയുമുണ്ടാകും. മൂന്നാമത്തെ മുന്നറിയിപ്പ് 29നു രാത്രിയും (നാലാം തവണ) 30നു പുലർച്ചെയും (അഞ്ചാംതവണ) ആവർത്തിച്ചു. 

ആറാം മുന്നറിയിപ്പ് 

കന്യാകുമാരിക്കു 170 കിലോമീറ്റർ തെക്കുകിഴക്കായി രൂപപ്പെട്ടിട്ടുള്ള ന്യൂനമർദം 12 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറും. തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും അടുത്ത 24 മണിക്കൂർ കനത്ത മഴ. അടുത്ത 24 മണിക്കൂറിനിടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 75 കിലോമീറ്ററായും തുടർന്നുള്ള 24 മണിക്കൂറിനകം വേഗം 90 കിലോമീറ്റായും വർധിക്കും. കടൽ അതീവ പ്രക്ഷുബ്ധമായിരിക്കും. ലക്ഷദ്വീപിൽ മരങ്ങൾ കടപുഴകിയും വീടുകൾ തകർന്നും നാശത്തിനു സാധ്യത. കൃഷിനാശവുമുണ്ടാകും. നടപടി നിർദേശം: തെക്കൻ കേരളത്തിൽ മൽസ്യത്തൊഴിലാളികൾ 48 മണിക്കൂർ കടലിൽ ഇറങ്ങരുത്. 

related stories