Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചായത്ത് റിപ്പോർട്ട് നൽകിയില്ല; പി.വി.അൻവറിന്റെ അനധികൃത തടയണ പൊളിക്കില്ല

anwar-water-park

കോഴിക്കോട്∙ കക്കാടംപൊയിലിൽ പി.വി. അന്‍വർ എംഎൽഎ അനധികൃതമായി നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന തടയണ ഉടൻ പൊളിക്കില്ല. പഞ്ചായത്തിന്റെ റിപ്പോർട്ടു ലഭിക്കാത്തതിനാൽ തടയണ ഉടൻ പൊളിക്കാനാകില്ലെന്ന് ആർഡിഒ അറിയിച്ചു. പി.വി. അൻവറിന്റെയും ഭാര്യയുടെയും ഉടമസ്‌ഥതയിലുള്ള വാട്ടർ തീം പാർക്ക് അനധികൃത നിർമാണം നടത്തിയെന്നാണ് ആരോപണം.

തടയണയുടെ കാര്യത്തിൽ അന്തിമ റിപ്പോർട്ട് അകാരണമായി ഉദ്യോസ്ഥ തലത്തിൽ വൈകിപ്പിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. കലക്ടർ പലവട്ടം ആവശ്യപ്പെട്ടിട്ടും പെരിന്തൽമണ്ണ ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് കൈമാറിയിരുന്നില്ല. കലക്ടറുടെ സ്റ്റോപ്പ് മെമ്മോയെ അവഗണിച്ചാണ് കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎ നിയമവിരുദ്ധമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അതീവ പരിസ്ഥിതിലോല മേഖലയാണന്ന ഡിഎഫ്ഒയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും റിപ്പോർട്ടുകളും മുഖവിലയ്ക്കെടുത്തിരുന്നില്ല.

സമുദ്രനിരപ്പിൽ നിന്ന് 800 മീറ്ററോളം ഉയരത്തിൽ തടയണ കെട്ടി കാട്ടരുവിയുടെ ഒഴുക്കു തടഞ്ഞു നിർമിച്ച തടാകത്തിലാണു വാട്ടർ തീം പാർക്ക്. അനധികൃത തടയണ പൊളിച്ചുമാറ്റാൻ കലക്‌ടർ അമിത് മീണ ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല. തടാകത്തിനു മീതെ അനുമതിയില്ലാതെ റോപ്‌വേ നിർമിക്കുകയും ചെയ്‌തു. മണ്ണുസംരക്ഷണ വകുപ്പിന്റേതുൾപ്പെടെ ഒരു അനുമതിയും ഇല്ലാതെയാണു പാർക്ക് പ്രവർത്തിക്കുന്നതെന്നു 2015ൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്‌ഒ) റിപ്പോർട്ട് നൽകിയിരുന്നു. അന്നത്തെ കലക്‌ടർ പണി നിർത്തിവയ്‌ക്കാൻ ഉത്തരവിട്ടെങ്കിലും അനുസരിച്ചില്ല.