Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം: വിദ്യാർഥിനികളുടെ പരാതി സ്കൂൾ തള്ളി; 17 വർഷത്തിനു ശേഷം ഇടപെട്ട് കോടതി

child abuse

ന്യൂഡൽഹി∙ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ സുരക്ഷിതരാണെന്നും മുതിർന്നവരിൽ നിന്ന് യാതൊരു പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉറപ്പു വരുത്താൻ എല്ലാ സ്കൂൾ അധികൃതർക്കും സാധിക്കണമെന്ന് കോടതി. ഡൽഹിയിൽ അധ്യാപകനെതിരെ വിദ്യാർഥിനികൾ നൽകിയ ലൈംഗിക പീഡന പരാതി കാര്യമാക്കാതെ സ്കൂൾ അധികൃതർ തള്ളിക്കള‍ഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. 2000ത്തിൽ നടന്ന സംഭവത്തിൽ ഇപ്പോഴുള്ളത് വൈകിയ നടപടിയാണെങ്കിലും വിഷയം കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു കോടതി പറഞ്ഞു.

ഡൽഹിയിലെ മോഡേൺ പബ്ലിക് സ്കൂളിലെ സംഗീതാധ്യാപകൻ അനിരുദ്ധ് കുമാർ പാണ്ഡെ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പെൺകുട്ടികൾ നൽകിയ എല്ലാ പരാതികളും പൊലീസിനു കൈമാറണമെന്നു പറഞ്ഞ കോടതി സ്കൂളിന്റെ നടപടിയിൽ നടുക്കവും രേഖപ്പെടുത്തി. സ്കൂൾ അധികൃതർ പൂർണമായും അന്വേഷണത്തോടു സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന പരാതിയെത്തുടർന്ന്  നഷ്ടപ്പെട്ട ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് അനിരുദ്ധ് നൽകിയ ഹർജിയാണ് പരിഗണിക്കാനാകില്ലെന്നു കാണിച്ചു ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, ദീപ ശർമ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 

‘സമൂഹത്തിനു വേണ്ടി കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നത് സ്കൂളുകളാണ്. അവിടെ സുരക്ഷ ഒരുക്കേണ്ടത് കുട്ടികളുടെ മാനസികപരമായ വളർച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. എന്നാൽ മോഡേൺ പബ്ലിക് സ്കൂളിന്റെ കാര്യത്തിൽ രക്ഷിതാക്കളും വിദ്യാർഥിനികളും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. ഇതിൽ പുനർവിചിന്തനം അത്യാവശ്യമാണ്’– കോടതി നീരിക്ഷിച്ചു.

നിയമനടപടിയിലേക്കു വിടാതെ സ്കൂളിനകത്തു തന്നെ സംഭവം ഒതുക്കിത്തീർക്കുന്നതിനെയും കോടതി വിമർശിച്ചു. പ്രസ്തുത സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകന് കാരണം കാണിക്കൽ നോട്ടിസ് നൽകുക മാത്രമാണ് സ്കൂൾ ചെയ്തത്. പിന്നീട് അച്ചടക്കനടപടിയുടെ ഭാഗമായി രാജി ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകൻ രാജിവച്ചതോടെ പ്രശ്നം തീർന്നെന്നു കരുതുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു.

ഇത്തരം നീക്കങ്ങൾ തെറ്റുകാരെ കൂടുതൽ തെറ്റുകൾക്ക് പ്രേരിപ്പിക്കുകയാണു ചെയ്യുക. മാത്രവുമല്ല, പരാതി നൽകാൻ തയാറായി മുന്നോട്ടു വന്ന ധീരരായ പെൺകുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന നീക്കവുമാണിത്. ശാരീരികമായും മാനസികമായും പീഡനം നേരിടുന്ന കുട്ടികൾക്ക് ചുറ്റിലും ഒരു സംരക്ഷണവലയം തീർക്കാൻ എല്ലാ മാനേജ്മെന്റുകളും ബാധ്യസ്ഥരാണ്. പീഡനത്തിൽ നിന്നു സംരക്ഷണം നൽകിയില്ലെങ്കിൽ അതവരുടെ മുന്നോട്ടുള്ള ജീവിതത്തെയും ഏറെ ബാധിക്കും.

മോഡേൺ പബ്ലിക് സ്കൂളിലെ പീഡനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

related stories