Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപരിഹാരത്തുക ഉയർത്തിയിട്ടും ബ്രെക്സിറ്റ് ഉറപ്പിക്കാനാകാതെ ബ്രിട്ടൻ

Theresa May

ലണ്ടൻ∙ നഷ്ടപരിഹാരത്തുകയായി 50 ബില്യൺ യൂറോ വാഗ്ദാനം ചെയ്തിട്ടും യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് കരാർ ഉറപ്പിക്കാൻ ബ്രിട്ടനു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളിൽ ഇനിയും തീരുമാനത്തിലെത്താനുണ്ടെന്നും അതിനാൽ ഉടമ്പടിയിൽ എത്താനായില്ലെന്നും പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ചർച്ചകൾ അടുത്തയാഴ്ചയും തുടരും. ഈമാസം 14, 15 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിനു മുന്നോടിയായി എല്ലാ കാര്യങ്ങളിലും ധാരണയിലെത്താനാകുമെന്നും മേ പ്രതീക്ഷ പ്രകടിപ്പിച്ചു.

യൂറോപ്യൻ യൂണിയന്റെ നിർദേശപ്രകാരം ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിനെ കസ്റ്റംസ് യൂണിയന്റെയും ഏകീകൃത വിപണിയുടെയും ഭാഗമായി നിലനിർത്തുന്നതിനോട് ബ്രിട്ടിഷ് സർക്കാരിനു കാര്യമായ വിയോജിപ്പില്ലായിരുന്നു. എന്നാൽ ഈ തീരുമാനം തെരേസ മേ സർക്കാരിനെ താങ്ങിനിർത്തുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) തുറന്നെതിർത്തതോടെയാണ് ചർച്ചകളിൽ തീരുമാനമെടുക്കാനാകാതെ ബ്രിട്ടൻ പിന്മാറിയതെന്നാണ് സൂചന. അയർലൻഡ് അതിർത്തിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങളെ ഒരുവിധത്തിലും അംഗീകരിക്കില്ലെന്ന സമീപനമാണ് ഡിയുപിക്കുള്ളത്. ഇക്കാര്യം ഡിയുപി നേതാവ് എയർലീൻ ഫോസ്റ്റർ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച ഇടയ്ക്കുവച്ച് നിർത്താനുള്ള കാരണം ഇതാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഇതു മാത്രമല്ല ചർച്ച പൂർത്തിയാകാതിരിക്കാൻ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

ബ്രിട്ടന്റെ പ്രഖ്യാപിത നിലപാടിൽനിന്നുള്ള പിന്മാറ്റമാണിതെന്നാണ് ഇതിനെതിരെ റിപ്പബ്ളിക് ഓഫ് അയർലൻഡിന്റെ കുറ്റപ്പെടുത്തൽ. അയർലൻഡും നോർത്തേൺ അയർലൻഡും തമ്മിലുള്ള അതിർത്തി പൂർണമായും അടയ്ക്കരുതെന്നുള്ളത് തുടക്കം മുതലേ ബ്രെക്സിറ്റ് ചർച്ചയിൽ യൂണിയൻ ഉന്നയിക്കുന്ന വാദമാണ്. ഇത് ഏറെക്കുറെ അംഗീകരിച്ച് ബ്രിട്ടൻ ചർച്ചകൾ തുടരവേയാണ് ഇതിനെതിരെ ഡിയുപി. രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷ സർക്കാരായതിനാൽ തെരേസ മേയ്ക്ക് ഇവരുടെ ആവശ്യങ്ങൾ തള്ളിക്കളയുക എളുപ്പമല്ല.