Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

Actor Dileep

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു. കഴിഞ്ഞദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂർത്തിയായിരുന്നു. നവംബർ 22നാണു കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണ് കോടതി ഫയലിൽ സ്വീകരിച്ചത്.

കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി ചില പിഴവുകളില്‍ വ്യക്തത വരുത്തിയിരുന്നു. കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിനുമുന്‍പേ പകര്‍പ്പ് മാധ്യങ്ങള്‍ക്കു പൊലീസ് ചോര്‍ത്തിയെന്ന് ദിലീപ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് തനിക്കെതിരായ ഗൂഢനീക്കമാണെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതിൽ അന്വേഷണസംഘം വിശദീകരണം നൽകിയിരുന്നു.

കുറ്റപത്രം, സാക്ഷിവിവരങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ പരിശോധിച്ച കോടതി കുറ്റപത്രത്തിൽ എല്ലാ രേഖകളും ഉണ്ടെന്നുറപ്പാക്കി. 1452 പേജുള്ള അനുബന്ധ റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് സമർപ്പിച്ചത്. 215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോർട്ടിന്റെ ഭാഗമായുണ്ട്. കേസിലെ സാക്ഷികളിൽ 50 പേർ സിനിമാരംഗത്തുള്ളവരാണ്.

വിചാരണ ഘട്ടത്തിൽ ഇവരിൽ ചിലർ കൂറുമാറാനുള്ള സാധ്യത മുന്നിൽക്കണ്ടാണു പലരും കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികൾ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ പൊലീസ് മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. റിമാൻഡിൽ കഴിയുമ്പോൾ ഒന്നാം പ്രതി സുനിൽകുമാറിനു ദിലീപും കൂട്ടാളികളുമായി സംസാരിക്കാൻ ഫോൺ നൽകിയ പൊലീസുകാരൻ പി.കെ. അനീഷ്, ദിലീപിനു ജയിലിൽനിന്നു കത്തെഴുതാൻ സുനിയെ സഹായിച്ച പി.ബി.വിപിൻലാൽ എന്നിവരാണ് മാപ്പുസാക്ഷികൾ.

related stories