Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖിലും സിറിയയിലുമായി അവശേഷിക്കുന്നത് മൂവായിരത്തോളം ഐഎസ് ഭീകരർ: യുഎസ്

colonel-ryan-dillon കേണൽ റയൻ ഡില്ലൻ

ബഗ്ദാദ്∙ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും മറ്റും ചേർന്നുനടത്തിയ പോരാട്ടത്തിന്റെ ഫലമായി സിറിയയിലും ഇറാഖിലുമായി അവശേഷിക്കുന്നതു മൂവായിരത്തോളം ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരർ മാത്രമാണെന്നു റിപ്പോർട്ട്. ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വർഷം ആദ്യം തന്നെ തകർന്നടിഞ്ഞതായി യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് യുഎസ് സൈന്യത്തിലെ കേണൽ റയൻ ഡില്ലൻ ട്വീറ്റ് ചെയ്തു.

മൂവായിരത്തിൽത്താഴെ ഭീകരരെ അവിടെയുള്ളുവെന്നാണു ഞങ്ങളുടെ കണക്ക്. അതു ഭീഷണിയാണ്. എന്നിരുന്നാലും അവരെ പരാജയപ്പെടുത്താനുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുകയാണെന്നും ഓൺലൈൻ ചോദ്യോത്തര സെഷന്റെ ഭാഗമായി ഡില്ലൻ അറിയിച്ചു. സഖ്യകക്ഷികൾ ഇതുവരെ 1,25,000 പേർക്കു പരിശീലനം നൽകി. ഇതിൽ 22,000 പേർ കുർദിഷ് പെഷ്മെർഗ പോരാളികളാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു.

അതേസമയം, ഐഎസിന്റെ പതനത്തിനുശേഷവും ഇറാഖിലും സിറിയയിലും യുഎസ് സ്ഥിര സൈനിക താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഐഎസിന്റെ പതനത്തിനുശേഷം ഏതൊക്കെ സഖ്യകക്ഷികള്‍ എത്രകാലം ഇവിടെ നിൽക്കണമെന്ന കാര്യം ഇറാഖാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.