Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓഖി’യിൽ അശാന്തമായ തിരയുടെ മറവിൽ ജീവൻ തിരഞ്ഞ് നാവികർ– ചിത്രങ്ങൾ, വിഡിയോ

cyclone-ockhi-alapuzha-1 കടലിൽ തിരച്ചിലിനിറങ്ങിയ നാവികർ.

ആലപ്പുഴ∙ കടലിൽ ഓരോ തിരയുടെ മറവിലും ജീവൻ തിരയുകയാണ് ഈ നാവികർ. ചുഴലിക്കാറ്റിനു ശേഷം കടൽ ശാന്തമാകുന്നുണ്ടെങ്കിലും കടലിലെ കാഴ്ചകൾ മനസിനെ അശാന്തമാക്കുന്നതാണ്. ഉപേക്ഷിക്കപ്പെട്ട ട്രോളിങ് ബോട്ടുകളും ചിന്നിച്ചിതറിയ വള്ളത്തിന്റെ ഭാഗങ്ങളും കേരളത്തിന്റെ തീരത്തു ചിതറിക്കിടക്കുന്നു. ചീഞ്ഞഴുകിയ മത്സ്യത്തിന്റെ ദുർഗന്ധം മൂലം കടലിൽ ഒഴുകി നടക്കുന്ന ബോട്ടുകളിൽ അടുക്കാൻ പോലും നാവികർക്കു സാധിക്കുന്നില്ല. ഈ യാനങ്ങളിലെ തൊഴിലാളികൾ എവിടെയെന്ന ചോദ്യമാണ് ഇപ്പോൾ കടലിൽ അന്വേഷണ സംഘങ്ങൾക്കു മുന്നിൽ. തകർന്നൊടുങ്ങിയ യാനങ്ങൾക്കു സമീപത്തു ജീവനു വേണ്ടി നാവികർ മണിക്കൂറുകൾ തിരയുന്നു. തകർന്ന വള്ളങ്ങളുടെ ഭാഗങ്ങൾ കടലിൽ കിലോമീറ്ററുകൾ ദൂരത്തിലാണ് ചിതറിക്കിടക്കുന്നു. എന്നാൽ ഇവയിലെ തൊഴിലാളികളെ കുറിച്ചു സൂചനകൾ ഒന്നും ലഭിക്കുന്നില്ല. ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും കാണാതായ മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്തുന്നതിനായി നേവി, തീരസംരക്ഷണ സേന, തീരദേശ പൊലീസ്, ഫീഷറീസ് വകുപ്പ്, തീരദേശ പൊലീസ് എന്നിവയുടെ സംഘങ്ങളാണു കേരള തീരത്തു നിരീക്ഷണം നടത്തുന്നത്. കോഴിക്കോടു മുതൽ തിരുവനന്തപുരം വരെയുള്ള സമുദ്രമേഖലയിലാണ് ഇന്നലെ സംഘങ്ങൾ തിരച്ചിൽ നടത്തിയത്.

തിരച്ചിൽ കടലിനക്കരെ

ഇന്നലെയോടെ കടൽ ശാന്തമായതു തിരച്ചിലിനു സൗകര്യമായി. കാറ്റും മഴയും മൂലം കാഴ്ചയ്ക്കു തടസം നേരിട്ടതാണ് ആദ്യ ദിവസങ്ങളിലെ വെല്ലുവിളി. മാനംതെളിഞ്ഞതോടെ കപ്പലുകൾക്കു സമുദ്രോപരിതലം സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റിനൊപ്പം കടലിന്റെ ഒഴുക്ക് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിയതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ട്. ലക്ഷദ്വീപ് അടക്കം പുറംകടലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ഒരു സംഘം തെക്കു കിഴക്കുഭാഗത്ത് പരിശോധന നടത്തുന്നുണ്ട്. കടലിനെ വിവിധ ബ്ലോക്കുകളായി തിരിച്ച് ഓരോ മേഖലയിലും തലങ്ങും വിലങ്ങും മുന്നോട്ടും പിന്നോട്ടും യാത്ര ചെയ്താണു പരിശോധന. കൂടാതെ സേനകളുടെ വിമാനങ്ങൾ ആകാശ നിരീക്ഷണം നടത്തി വിവരങ്ങൾ കൈമാറുന്നുണ്ട്. ചുഴലിക്കൊപ്പം ഗുജറാത്തു തീരങ്ങളിലേക്കു യാനങ്ങൾ ഒഴുകാനുള്ള സാധ്യത മുൻനിർത്തി ആ മേഖലകളിലെ സേനാ വിഭാഗങ്ങൾക്ക് അപ്പോൾ തന്നെ വിവരങ്ങൾ കൈമാറുന്നുണ്ട്.

cyclone-ockhi-alapuzha-2 കടലിൽ തിരച്ചിലിനിറങ്ങിയ നാവികർ.

തിരച്ചിലിനു മത്സ്യത്തൊഴിലാളികളും

സഹപ്രവർത്തകരെ തേടിയുള്ള സേനകളുടെ തിരച്ചിലിൽ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നു. ജിപിഎസ് ഉപയോഗിച്ചു കാറ്റിൽ തങ്ങളുടെ വള്ളങ്ങൾ ഗതി നഷ്ടപ്പെട്ട മേഖലകളിലേക്കു സേന യാനങ്ങളെ തൊഴിലാളികളാണു നയിക്കുന്നത്. ഇന്നലെ തീര സംരക്ഷണ സേനയുടെ കപ്പലുകൾ തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ തകർന്ന വള്ളങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെനിന്നു കടലിന്റെ ഒഴുക്കിന്റെ ഗതിയനുസരിച്ചു സമീപ മേഖലകളിലും തിരഞ്ഞെങ്കിലും വിഫലമായി. യാനങ്ങൾ തകർന്നതു മൂലം ആശയ വിനിമയ സാധ്യതയും മങ്ങിയതാണു മറ്റൊരു ബുദ്ധിമുട്ട്. ബോട്ടുകളിലെ വിഎച്ച്എഫ് (വെരി ഹൈ ഫ്രീക്വൻസി) റേഡിയോ ഉപയോഗിച്ചാണു തങ്ങൾ കിടക്കുന്ന സ്ഥലം തൊഴിലാളികൾ അറിയിച്ചിരുന്നത്. ജിപിഎസ് സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതു രക്ഷാശ്രമം എളുപ്പമാക്കിയിരുന്നു. ബോട്ടുകൾ തകർന്നത് ആ സാധ്യതയും ഇല്ലാതാക്കുന്നു.

കാലാവസ്ഥയുടെ മതിലിന് അപ്പുറത്തായിരുന്നു തൊഴിലാളികൾ. കനത്ത മഴ മൂലം അടുത്തു നിൽക്കുന്നവരെ പോലും കാണാൻ സാധിക്കുന്നില്ല. അതിവേഗത്തിൽ കാറ്റു വീശിയടിക്കുന്നതു മൂലം ഉച്ചത്തിൽ സംസാരിച്ചാൽ പോലും കേൾക്കാൻ സാധിക്കുന്നില്ല. ആദ്യ സന്ദേശം ലഭിക്കുമ്പോൾ തീരസംരക്ഷണ സേനയുടെ ചാർലി 427 കപ്പൽ വിഴിഞ്ഞം മേഖലയിലാണ്. വിഎച്ച്എഫ് സന്ദേശം ലഭിക്കുന്നതു തൊട്ടടുത്താണെങ്കിലും അവിടെ എത്താൻ പതിവിലേറെ സമയം എടുത്തു. അഞ്ചു മീറ്ററിലേറെ ഉയരമുള്ള തിരകൾ കപ്പലിനെയും മറിക്കും. കാറ്റ് ശക്തിപ്പെട്ടതോടെ കപ്പലിലും വെള്ളം കയറിയിറങ്ങി. തൊഴിലാളികളുടെ വള്ളത്തിന് അടുത്തെത്തിയാലും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. തൊഴിലാളികളാകട്ടെ വള്ളം ഉപേക്ഷിച്ചു വരാനും മടിക്കുന്നു. മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് ഒരു വള്ളത്തിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുന്നതെന്ന് തീര സംരക്ഷണ സേന ഡപ്യൂട്ടി കമൻഡാന്റ് പ്രദീപ് അലക്സാണ്ടർ അറിയിച്ചു.

കാണാതായവരെ തിരയുന്നതിന് എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നു. പുറംകടലിലേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്തു വാണിജ്യ കപ്പലുകൾക്കും സന്ദേശം അയയ്ക്കുന്നുണ്ട്. കപ്പലുകളിലെയും ബോട്ടുകളിലെയും റഡാറുകൾ‌ക്കു പുറമെ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം കേന്ദ്രീകരിച്ചു തീരദേശത്തും നിരീക്ഷണം നടത്തുന്നുണ്ടെന്ന് തീരസംരക്ഷണ സേന. കമാൻഡർ നീരജ് തിവാരി അറിയിച്ചു.