Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല; രാജ്നാഥിനെ കണ്ടു

Ramesh Chennithala visits Rajnath Singh

ന്യൂഡല്‍ഹി∙ കേരളത്തില്‍ ഓഖി ചുഴലിക്കൊടുക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ 500 കോടിയുടെ അടിയന്തര പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച അദ്ദേഹം ഇതു സംബന്ധിച്ച നിവേദനം കൈമാറി. വിഷയത്തെ ദേശീയ ദുരന്തമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ദുരന്തമുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കണം. വള്ളങ്ങള്‍ നഷ്ടപ്പെട്ടാല്‍ നല്‍കിവരുന്നത് ഇപ്പോള്‍ 9500 രൂപയാണ്. ഇതു വര്‍ധിപ്പിക്കണം. തീരദേശത്തു മാത്രമല്ല, മലയോര മേഖലകളിലും പ്രകൃതിക്ഷോഭത്തെത്തുടർന്നു നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കണം. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു ശക്തമാക്കണം. ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനരധിവാസത്തിനു പുറമെ ഭാവിയില്‍ തീരത്തു ദുരന്തങ്ങളുണ്ടാകുമ്പോള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ശക്തമായ കടല്‍ഭിത്തികള്‍ നിര്‍മിക്കുന്നതിനും സഹായം ആവശ്യമാണ്. ഇതിനെ അതിര്‍ത്തി സംരക്ഷണമായി കണക്കിലെടുക്കണം.

ഇപ്പോഴുളള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനത്തെയാളെ രക്ഷപ്പെടുത്തുന്നതുവരെയും തുടരണം. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും കേന്ദ്രത്തിന്റെ സഹായം ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാവിനെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.