Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക പ്രതിസന്ധി: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമില്ല

KSRTC-BUS

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം ചെയ്തിട്ട് അഞ്ചുമാസം. ഈ മാസത്തെ ശമ്പളവിതരണവും അനിശ്ചിതത്വത്തില്‍. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ 33,600 സ്ഥിരം ജീവനക്കാരും 9,600 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 75 കോടി രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 8.5 കോടി രൂപയും ഓരോ മാസവും കണ്ടെത്തണം. 42,000 പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ ഒരു മാസം വേണ്ടത് 58.5 കോടി രൂപയാണ്. എല്ലാമാസവും അഞ്ചാം തീയതിക്കു മുന്‍പായി പെന്‍ഷന്‍ വിതരണം െചയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു നിലവിലുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

ശമ്പളം വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കഴിഞ്ഞമാസം 20ന് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. വിവിധ സഹകരണ ബാങ്കുകളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും ശമ്പളവിതരണത്തിനുള്ള മുഴുവന്‍ തുകയും കണ്ടെത്താനായില്ല.

ശമ്പളവിതരണത്തിനായി അറുപത് കോടി രൂപ കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കി പണം കണ്ടത്താനുള്ള ശ്രമം നടക്കുകയാണെന്നും കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. പെന്‍ഷനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 160 കോടിയും ശരാശരി ചെലവ് 310 കോടിയുമാണ്. പ്രതിമാസം ശമ്പളവും േവതനവും വിതരണം ചെയ്യുന്നതിന് 86 കോടിയും ഡീസലിന് 90 കോടിയും വായ്പാ തിരിച്ചടവിന് 87 കോടിയും ആവശ്യമാണ്. സഞ്ചിത നഷ്ടം 8,031 കോടി രൂപയാണ്.

ഏപ്രില്‍ മാസംവരെ കെഎസ്ആര്‍ടിസിക്ക് 34,966 സ്ഥിരം ജീവനക്കാരാണുണ്ടായിരുന്നത്. 2019 നുള്ളില്‍ 2,200 പേര്‍ വിരമിക്കുമെന്നാണ് കണക്ക്. ഡ്രൈവര്‍ വിഭാഗത്തിലാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്- 1308 പേര്‍. ഇവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കാന്‍ 3.78 കോടി രൂപയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് 144 കോടി രൂപയും കണ്ടെത്തണം.

related stories