Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മതമറിയിച്ച് കേന്ദ്രം; ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കും

jishnu-pranoy

ന്യൂഡൽഹി ∙ ഏറെ കോളിളക്കം സൃഷ്ടിച്ച നെഹ്റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമർശിച്ചു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്‌തിവേലിനു ജാമ്യം നൽകിയതു ചോദ്യം ചെയ്‌തുള്ള സംസ്‌ഥാന സർക്കാരിന്റെ ഹർജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്‌ണുവിന്റെ അമ്മ കെ.പി. മഹിജയുടെ അപേക്ഷയുമാണു കോടതി പരിഗണിച്ചത്.

ജിഷ്‌ണുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യത്തെക്കുറിച്ചു കേന്ദ്രം നിലപാടു വ്യക്‌തമാക്കണമെന്നു നവംബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യം നിരസിച്ചു ജോയിന്റ് ഡയറക്‌ടർ കത്തെഴുതിയതു ശരിയായില്ലെന്നു സംസ്‌ഥാനം വാദിച്ചു. ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്‌റ്റ്മോർട്ടത്തിലും ആദ്യഘട്ട പൊലീസ് അന്വേഷണത്തിലും അപാകതകളുണ്ടെന്നാണ് ആരോപണം.

സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നു ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും പ്രതികരിച്ചു. സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ മഹിജ, ഒപ്പം നിന്ന ആളുകൾക്കും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചു. പാമ്പാടി നെഹ്‍റു കോളജ് എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന ജിഷ്ണുവിനെ 2016 ജനുവരി ആറിനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ വർഷം ജൂണിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

related stories