Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർനാഥ് തീർഥാടകരെ ആക്രമിച്ച ലഷ്കർ ഭീകരരെ ഏറ്റുമുട്ടലി‍ൽ വകവരുത്തി

Indian Army soldiers

ശ്രീനഗർ∙ അമർനാഥ് തീർഥാടകർക്കു നേരെ ആക്രമണം നടത്തിയ പാക്കിസ്ഥാനികളായ ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിലാണു മൂന്നു ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലും ഭീകരർക്കായുള്ള തിരച്ചിലും ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് അവസാനിച്ചത്.

ഈ വർഷം ജൂലൈയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം എട്ട് അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ 19 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച സൈന്യം വധിച്ച മൂന്നു പേരിൽ രണ്ടു ഭീകരർ പാക്കിസ്ഥാനികളാണെന്നു പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട് അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ ഒളിച്ചിരുന്ന മറ്റൊരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു–ശ്രീനഗർ ദേശീയപാതയിലൂടെ ശ്രീനറിലേക്കു പോകുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു.

ഖ്വാസിഗുണ്ടിൽ വച്ച് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരരെ വകവരുത്താനായത്. സൈനികർക്കു പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. ഏറ്റുമുട്ടൽ രാത്രിയിലും തുടർന്നു. യവാർ ബാസിർ, അബു ഫർഖാൻ, അബു മാവിയ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് സ്ഥിരീകരിച്ചു. റാഷിദ് അഹമ്മദാണ് അറസ്റ്റിലായത്. അടുത്തിടെയാണ് റാഷിദ് ഭീകരസംഘത്തിൽ അംഗമായത്.

ഫർഖാനും മാവിയയും പാക്ക് സ്വദേശികളാണ്. കുൽഗാം സ്വദേശിയാണ് ബാസിർ. പൊലീസുകാരനിൽനിന്ന് തോക്ക് തട്ടിപ്പറിച്ചെടുത്ത കേസിൽ പ്രതിയാണ്. അബു ഇസ്മായിലിന്റെ മരണശേഷം തെക്കൻ കശ്മീരിലെ ലഷ്കർ തലവനാണ് ഫർഖാൻ. ഇയാളാണ് അമർനാഥ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത്. അനന്ത്നാഗ്, കുൽഗാം പ്രദേശങ്ങളിൽ നിരവധി ഭീകരാക്രമണങ്ങൾ ഇയാളും കൂട്ടരും ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.