Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിലും മണ്ണിലും രാസവസ്തുക്കൾ: ക്ഷണിച്ചുവരുത്തുന്നത് വലിയ ദുരന്തമെന്ന് യുഎൻ

drugs-testing Representational image

ന്യൂയോർക്ക്∙ മരുന്നുകളും രാസവസ്തുക്കളും അനിയന്ത്രിതമായി വെള്ളത്തിലും മണ്ണിലും കലർത്തുന്നതു വലിയൊരു ദുരന്തത്തെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഇങ്ങനെ കലർത്തപ്പെടുന്നവയിലുള്ള മൂലകങ്ങളെ പ്രതിരോധിക്കുന്ന അണുക്കൾ പുതിയ വർഗത്തിനു രൂപം നൽകും. ഈ അണുക്കൾ പുതിയ രോഗങ്ങൾ പടർത്തും. ഇവ ഭേദമാക്കാൻ നിലവിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതു ഫലപ്രദമല്ലെന്നും ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, കടലിലോ മറ്റോ നീന്തുന്നവരുടെ ശരീരത്തിൽ കയറിക്കൂടുന്ന ഇവ മറ്റനേകം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

‘ഫ്രണ്ടിയേഴ്സ് 2017’ എന്ന തലക്കെട്ടിൽ ഐക്യരാഷ്ട്ര സംഘടനയുടെ എൻവിറോൺമെന്റ് അസംബ്ലിയാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള പരിസ്ഥിതി വിഷയങ്ങളിൽ കാര്യമായി ഇടപെടുന്ന സംഘമാണിത്. ഇത്തരം അണുക്കളെ തുരത്താൻ ഉപയോഗിക്കുന്ന ‘ആയുധങ്ങൾ’ കുറഞ്ഞുവരുന്നതിലുള്ള ആശങ്കയും റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

ലോകമങ്ങും നഗരങ്ങളിൽനിന്നും കാർഷികമേഖലയിൽനിന്നും വ്യാവസായിക മേഖലയിൽനിന്നുമുള്ള മാലിന്യം വെള്ളത്തിലേക്കും മണ്ണിലേക്കുമാണു നിക്ഷേപിക്കുന്നത്. ഇതു സാധാരണ പ്രക്രിയയായി മാറിയിരിക്കുന്നു. മാത്രമല്ല, നദികളിലും മണ്ണിലും മറ്റും ഇവയുടെ സാന്ദ്രത വലിയ തോതിൽത്തന്നെ കാണപ്പെടുന്നതും സാധാരണമായി. ഇതു പ്രതിരോധ ബാക്ടീരിയയുടെ പരിണാമത്തിനു കാരണമാകുന്നു. ഒരിക്കൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിച്ചുനിർത്തിയ മരുന്നുകൾ ഇന്നു വളരെപ്പെട്ടെന്ന് ആരോഗ്യത്തെ നശിപ്പിക്കുന്ന മാർഗമായി മാറിയിരിക്കുന്നു.

2014ലെ റിപ്പോർട്ടില്‍, 2050ൽ ഒരു വർഷം 10 മില്യൺ ജനങ്ങൾ ‘മരുന്നു പ്രതിരോധ അണുബാധ’ മൂലം കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഹൃദ്രോഗവും അർബുദവും മൂലം ആളുകള്‍ മരിക്കുന്നതിലും അധികമാവും ഇതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ നേരിടാനുള്ള ചെലവ് 2050തോടെ 100 ട്രില്യൺ യുഎസ് ഡോളറായി മാറുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു മരുന്നിന്റെ അമിത ഉപയോഗമോ തെറ്റായ ഉപയോഗമോ ബാക്ടീരിയയെ ആ മരുന്നിനോടു പ്രതിരോധം തീർക്കാൻ പ്രാപ്തമാക്കി മാറ്റിയേക്കാം. എന്നാൽ പുതിയ റിപ്പോർട്ടിൽ ആ ആശങ്കകൾ കുറച്ചുകൂടി ശക്തമായതായി വ്യക്തമാകും.

ഇതോടെ, ആന്റിബയോട്ടിക് കണ്ടുപിടിക്കാത്ത നാളുകളിലെ അവസ്ഥയിലേക്കു നാം മാറിയേക്കാമെന്നു പഠന സംഘത്തിനൊപ്പമുണ്ടായിരുന്ന എക്സെറ്റെർ സർവകലാശാലയിലെ വിൽ ഗേസ് അഭിപ്രായപ്പെടുന്നു. മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയയ്ക്ക് അവയുടെ ജീനുകൾ മറ്റുള്ളവയിലേക്കു പകർന്നു നൽകാൻ കഴിയും. തലമുറകളിലേക്കും ഇങ്ങനെ പകരും. ഇന്നു മനുഷ്യരെടുക്കുന്ന / മൃഗങ്ങൾക്കു നൽകുന്ന ആന്റിബയോട്ടിക്കുകളിൽ 70–80% വരെ തിരിച്ചു പരിസ്ഥിതിയിലേക്കെത്തും, മാലിന്യമായും കാർഷികപരമായും. കോടിക്കണക്കിനു ടൺ ആന്റിബയോട്ടിക്കുകളാണ് ഓരോ വർഷവും പരിസ്ഥിയിലേക്കു എത്തുന്നതെന്നും ഗേസ് വ്യക്തമാക്കി.