Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: കേരളത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

Depression-Deep-Depression ‘ഡിപ്രഷൻ’, ‘ഡീപ് ഡിപ്രഷൻ’ സൂചനകൾ നൽകിയ ഉപഗ്രഹ ചിത്രങ്ങൾ.

ന്യൂഡൽഹി∙ ചുഴലിക്കാറ്റു സംബന്ധിച്ചു തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പു ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോടു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു യോജിപ്പില്ല. കാലാവസ്ഥാ മുന്നറിയിപ്പുള്ള ബുള്ളറ്റിൻ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുന്നതായതിനാൽ സാങ്കേതിക സൂചനകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാദത്തിലും കഴമ്പില്ലെന്നാണു കേന്ദ്ര വൃത്തങ്ങളുടെ വിശദീകരണം.

29നു രാവിലെ 11.50നു നൽകിയ പ്രത്യേക ബുള്ളറ്റിനിൽ ന്യൂനമർദം അതിന്യൂനമർദമാകാനുള്ള സാധ്യത സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധർ, അതിന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത അറിയേണ്ടതാണ്. കൂടാതെ, കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂറിൽ കടലിൽ പോകരുതെന്നുമുള്ള നിർദേശം ഗൗരവത്തിലെടുത്തു മുന്നറിയിപ്പു നൽകാനുള്ള ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനാണ്. 29ന് ഉച്ചയ്ക്ക് 2.15നു നൽകിയ മുന്നറിയിപ്പിൽ ന്യൂനമർദത്തിന്റെ ഉപഗ്രഹ ചിത്രത്തിൽ ‘ഡിപ്രഷൻ’ എന്നു രേഖപ്പെടുത്തിയിരുന്നത് അടിയന്തര നടപടിയെടുക്കാനുള്ള വ്യക്തമായ നിർദേശമാണ്. 

കാലാവസ്ഥാ ബുള്ളറ്റിനിലെ നിറവ്യതിയാനങ്ങളുടെ അർഥം ചീഫ് സെക്രട്ടറിയുടെ ഓഫിസിലും ദുരന്തനിവാരണ അതോറിറ്റിയിലും മുന്നറിയിപ്പുകൾ പരിശോധിക്കുന്നവർക്ക് അറിയാവുന്നതാണ്. സാധാരണ കാലാവസ്ഥാ അറിയിപ്പുകൾക്കു പകരമായി 29നു നാലു പ്രത്യേക ബുള്ളറ്റിനുകൾ ഉണ്ടായിരുന്നു. 30നു രാവിലെ 8.30ന് അയച്ച ആറാം ബുള്ളറ്റിനിലെ ഉപഗ്രഹ ചിത്രത്തിൽ ചുഴലിക്കാറ്റിനെ സൂചിപ്പിച്ച് ‘ഡീപ് ഡിപ്രഷനെ’ന്നു ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. 

related stories