Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യ ഉപയോഗം: പ്രായപരിധി 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം

bar-liquor-shop

തിരുവനന്തപുരം ∙ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽനിന്ന് 23 ആയി ഉയർത്താൻ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാൻ ഗവർണറോടു ശുപാർശ ചെയ്യും.

എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് പ്രായപരിധി വര്‍ധിപ്പിച്ചത്. ജൂണ്‍ എട്ടിന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസില്‍നിന്ന് 23 വയസായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. പ്രായം കുറഞ്ഞവര്‍ക്ക് മദ്യം നല്‍കിയാല്‍ വില്‍ക്കുന്നവരെ ശിക്ഷിക്കാനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിച്ചു.

പ്രായപരിധി ഉയര്‍ത്തണമെങ്കില്‍ കേരള അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തണം. ഫോറിന്‍ ലിക്വര്‍ റൂളിലും മാറ്റം വരണം. നിയമസഭ ചേരാത്തതിനാലാണ് ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നിയമസഭ കൂടുമ്പോള്‍ പ്രത്യേക ബില്‍ കൊണ്ടുവരും.

വനിതാ കമ്മീഷന് കൂടുതല്‍ അധികാരം

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിതാ കമ്മിഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മിഷനുളളൂ.

സംസ്ഥാനത്ത് പുതിയ ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍

സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 2012ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് നിശ്ചയിക്കും.

∙ ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു.

∙ കൊച്ചി സിറ്റി പൊലീസ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.

∙ ലോകകേരളസഭയോട് അനുബന്ധിച്ച് വിനോദസഞ്ചാരവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പ-സസ്യ-ഫല-കൃഷി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍നിന്നും പരമാവധി അഞ്ചുലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.
വേതനം പരിഷ്കരിക്കും

∙ തൃശൂര്‍ കേരള ഫീഡ്സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

പുതിയ തസ്തികകള്‍

∙ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല് പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
∙ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളില്‍ പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ച താലൂക്കുകളില്‍ അമ്പത്തിയഞ്ച് തസ്തികകള്‍ വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
∙ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് IIന്റെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
∙ ക്ഷീരവികസനവകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം, പാറശാല, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളില്‍ ഒമ്പത് തസ്തികകളും, കാസര്‍ഗോഡ് കോട്ടയം എന്നീ റീജിയണല്‍ ലാബോറട്ടറികളിലേക്ക് ആറ് തസ്തികകളും പുതിയതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനസഹായം അനുവദിച്ചു

∙ തിരുവനന്തപുരം ചാല കമ്പോളത്തില്‍ 2014 നവംബര്‍ 14ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കടയുടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.
∙ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കൊച്ചി എളമക്കര പ്ലാശ്ശേരിപറമ്പ് വീട്ടില്‍ വിനീഷിന്റെ കുടുംബത്തിന് ഇടപ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ കുടിശിക അടക്കം 5.56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
∙ 100 ശതമാനം കാഴ്ചവൈകല്യമുളള വി.ജി.ബാബുരാജന് (മലപ്പുറം ഈഴുവതിരുത്തി) ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയില്‍ വികലാംഗര്‍ക്കായുളള സംവരണ ക്വോട്ടയില്‍ ഒരു സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു. പിഎസ്‌സിയുടെ അഭിപ്രായം മറികടന്ന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം നല്‍കുന്നത്.

related stories