Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവാക്രമണത്തിൽനിന്നും എങ്ങനെ രക്ഷപ്പെടാം? ചൈനക്കാർക്കു ബോധവൽക്കരണം

Demonstration against nuclear weapons Representational Image

ബെയ്ജിങ്∙ ആണവാക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതെങ്ങനെയെന്ന വിശദീകരിച്ച് ചൈനീസ് പത്രം. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന ചൈനയുടെ വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ നഗരത്തിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക മാധ്യമമായ ജിലിൻ ‍ഡെയ്‌ലിയാണ് രക്ഷപെടാനുള്ള വഴികൾ വിശദീകരിക്കുന്നത്. ഉത്തര കൊറിയയും യുഎസും തമ്മിലുള്ള കൊമ്പുകോർക്കലുകൾ ‘പരിധി വിടുകയാണെങ്കിൽ’ സ്വീകരിക്കേണ്ട മുൻകരുതലുമായി ചൈന സജ്ജമാകുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ജിലിൻ ഡെയ്‌ലിയിലെ റിപ്പോർട്ടിൽ പക്ഷേ, ആണവായുധ ആക്രമണ സാധ്യതയെ കുറിച്ചൊന്നും പറയുന്നില്ല. ഉത്തര കൊറിയയെക്കുറിച്ചോ മറ്റേതെങ്കിലും രാജ്യത്തെക്കുറിച്ചോ പരാമർശമില്ല. സാധാരണ ആയുധങ്ങളിൽനിന്നു വ്യത്യസ്തമാണ് ആണാവയുധമെന്നും അത്തരമൊരു ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നത് എങ്ങനെയെന്നുമാണ് ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്.

അഞ്ച് രീതിയിലുള്ള നാശമാണ് അണ്വായുധം ഉണ്ടാക്കുന്നത്. ലൈറ്റ് റേഡിയേഷൻ, ബ്ലാസ്റ്റ് വേവ്സ്, നൂക്ലിയർ റേഡിയേഷൻ, നൂക്ലിയർ ഇലക്ട്രോ – മാഗ്നെറ്റിക് പൾസ്, റേഡിയോ ആക്ടീവ് പൊലൂഷൻ എന്നിവയാണവ. ആദ്യത്തെ നാലും സംഭവിച്ചാൽ ഉടനടി മരണം സംഭവിക്കും. ആക്രമണത്തിന്റെ സമയത്തു വീടിനു പുറത്താണെങ്കിൽ ചെളിയിൽ പുതയുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, അതുമല്ലെങ്കിൽ നദിയിലോ മറ്റോ ചാടി ഉടനടിയുള്ള മരണം ഒഴിവാക്കുക. ചിത്രങ്ങൾ സഹിതമാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

റേഡിയോ ആക്ടീവ് മാലിന്യം കളയുന്നതിനായി എന്തൊക്കെ മാർഗങ്ങൾ അവലംബിക്കാമെന്നും ചിത്രങ്ങൾ സഹിതം പറയുന്നുണ്ട്. ഷൂവിലെ മാലിന്യം വെള്ളമുപയോഗിച്ചു കഴുകുന്നത്, ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡുകൾ ഉപയോഗിക്കുന്നതു തുടങ്ങിയ കാര്യങ്ങൾ പറയുന്നു. ഒരു കുട്ടി ഛർദ്ദിക്കുന്ന ചിത്രത്തിനൊപ്പം എങ്ങനെയാണ് ആരോഗ്യ പരിരക്ഷ നൽകേണ്ടതെന്നും വിശദീകരിക്കുന്നു.

ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് 1‌945ൽ നടത്തിയ ആറ്റംബോംബ് ആക്രമണത്തെക്കുറിച്ചും പത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. അന്ന് ലൈറ്റ് റേഡിയേഷൻ, ബ്ലാസ്റ്റ് വേവ്സ് എന്നിവ തീയ്ക്കും കൊടുങ്കാറ്റിനും കാരണമായെന്നും നഗരത്തിലെ 81% കെട്ടിടങ്ങളും തകർന്നെന്നും പത്രത്തിൽ പറയുന്നു. ഇതിന്റെ ഫലമായി 70,000ൽ അധികം പേർ അന്നു കൊല്ലപ്പെട്ടിരുന്നുവെന്നും പത്രത്തിൽ പറയുന്നു.

അതിനിടെ, കൊറിയൻ മേഖലയിൽ യുഎസിന്റെ ബി–1ബി ബോംബർ വിമാനങ്ങൾ വീണ്ടും പറന്നു. ദക്ഷിണ കൊറിയയുമായി ചേർന്നുള്ള പരിശീലനത്തിന്റെ ഭാഗമായാണ് യുഎസ് ബോംബറുകൾ മേഖലയിൽ പറന്നത്.