Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്ര വലിയ ചുഴലി നൂറ്റാണ്ടിലാദ്യം; മുന്നറിയിപ്പ് ലഭിച്ചില്ല: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റ് കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടിൽ ആദ്യമായാണ് ഉണ്ടാകുന്നത്. ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ദുരന്തത്തെ ഒരേ മനസ്സോടെ ഒന്നായിനിന്ന് പരിഹരിക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാന മൽസ്യത്തൊഴിലാളിയെയും കണ്ടെത്തുംവരെ കടലിൽ തിരച്ചില്‍ തുടരാന്‍ കോസ്റ്റ്ഗാര്‍ഡ്, നാവിക, വ്യോമ സേനകളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടും. മൽസ്യത്തൊഴിലാളികളെ തുടർന്നും തിരിച്ചിൽ സംഘത്തിൽ ഉള്‍പ്പെടുത്തും. ആഴക്കടലിൽ ഇത്ര സാഹസികമായ രക്ഷാദൗത്യം ആദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ നന്ദി അറിയിക്കുന്നു. ലക്ഷദ്വീപിലേക്കു മെഡിക്കൽ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാന തീരങ്ങളിൽ എത്തിയവരെ മടക്കിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 28ന് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്നു എന്നാണ് സമുദ്രനിരീക്ഷണ കേന്ദ്രത്തിന്‍റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നത്. ഇമെയില്‍ ആയോ ഫാക്സ് വഴിയോ സർക്കാരിനു സന്ദേശം ലഭിച്ചിരുന്നില്ല. 29ന് 2.30ന് സമുദ്രനിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പില്‍ മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ഉപദേശമായിരുന്നു ഉണ്ടായിരുന്നത്. അത് മാധ്യമങ്ങളിലുള്‍പ്പെടെ നല്‍കിയിരുന്നു. 30ന് രാവിലെ 8.30ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച സന്ദേശത്തില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന അറിയിപ്പുണ്ടായി.

നല്‍കിയ ഭൂപടത്തിൽ ന്യൂനമര്‍ദ പാതയും ദിശയും കന്യാകുമാരിക്കു തെക്ക് 170 കിലോ മീറ്റർ ദൂരത്തിലായിരുന്നു. ചുഴലി മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണം എന്നായിരുന്നു അറിയിപ്പ്. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് ലഭിച്ചത്. 12.05ന് എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് കൈമാറി. അപ്പോഴേക്കും മൽസ്യത്തൊഴിലാളികളില്‍ പലരും കടലിലേക്ക് പോയികഴിഞ്ഞിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം മാനദണ്ഡം പാലിച്ചില്ല

മൂന്നു ദിവസം മുതല്‍ അഞ്ചുദിവസം വരെ മുൻപ് എല്ലാ 12 മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നൽകണമെന്നാണ്, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡം. രണ്ടുദിവസം മുൻപ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നൽകണം. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.

ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് കണക്കിലെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായും മുന്‍കൂട്ടിയും പ്രവചിക്കുന്നതിനു കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാർ പങ്കുവച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം

ഓഖി മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു പ്രവർത്തനം. ചുഴലി മുന്നറിയിപ്പ് ലഭിച്ച 30ന് ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നിവയെ ബന്ധപ്പെട്ടു.

നാവികസേന ഏഴ് കപ്പലുകളും രണ്ട് വിമാനവും നാല് ഹെലികോപ്റ്ററും തിരച്ചിലിനായി ഉപയോഗിച്ചു. കോസ്റ്റ്ഗാര്‍ഡ് എട്ട് കപ്പലുകളും ഒരു ഹെലികോപ്റ്ററും, വ്യോമസേന രണ്ടുവീതം ഹെലികോപ്റ്ററും വിമാനവും ഉപയോഗിച്ചാണ് ആദ്യദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തം നടത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുന്നു. അഗ്നിശമന സേന, പൊലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ ഫിഷറീസ് മന്ത്രി, സഹകരണ–ടൂറിസം മന്ത്രി എന്നിവരെ 30നു തന്നെ നിയോഗിച്ചു.

രക്ഷാപ്രവര്‍ത്തകർ‌ക്ക് അഭിവാദ്യം

ഓഖി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിന് മൽസ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും യോജിച്ചു നടത്തിയ തിരച്ചിലില്‍ 1130 മലയാളികളടക്കം 2600 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ആഴക്കടലില്‍ ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം മുൻപുണ്ടായിട്ടില്ല. പ്രതിരോധ വിഭാഗങ്ങളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു.

മര്‍ച്ചന്‍റ് ഷിപ്പുകളും ഇതര ബോട്ടുകളും മൽസ്യത്തൊഴിലാളികളും സാധ്യമായ സഹായം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അല്‍ഫോൻസ് കണ്ണന്താനം എന്നിവർ കേരളത്തില്‍ വന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങളെ ആശ്വസിപ്പിച്ചതിനു പ്രത്യേകം നന്ദിയുണ്ട്..

സർക്കാരിന്റെ പ്രവർത്തനങ്ങൾ

∙ കടലില്‍നിന്നു 100 മീറ്റര്‍ പരിധിയിലെ കെട്ടുറപ്പില്ലാത്ത എല്ലാ വീടുകളും ഒഴിപ്പിക്കും
∙ 52 പുനരധിവാസ ക്യാംപുകൾ. 1906 കുടുംബങ്ങളിലെ 8556 പേര്‍ പലഘട്ടങ്ങളിലായി ആശ്വാസം തേടി
∙ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവയുമായി ഏകോപിച്ചുള്ള രക്ഷാപ്രവർത്തനം
∙ മഹാരാഷ്ട്രയിലേക്ക് പൊലീസ് സംഘത്തെ അയച്ചു. മുംബൈ നോര്‍ക്ക ഡവലപ്മെന്‍റ് ഓഫിസറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം
∙ സിന്ധുദുര്‍ഗ്, രത്നഗിരി, ഗോവ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും സംസ്ഥാന സര്‍ക്കാരുകളും സഹായിച്ചു
∙ എഴുന്നൂറോളം പേർ മറ്റ് തീരങ്ങളില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം, പണം, ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ലഭ്യമാക്കി
∙ ഇവരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു
∙ തമിഴ്നാട്ടിലെ സഹോദരന്‍മാരെയും തിരിച്ചെത്തിച്ചു. ഇതിൽ തമിഴ് മാധ്യമങ്ങളുടെ അഭിനന്ദനം

മരിച്ചവരുടെ ആശ്രിതർക്ക് 20 ലക്ഷം

∙ ഓഖിയിൽ മരിച്ച മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം
∙ നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷം കൂടാതെ, മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ചു ലക്ഷവും ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ചു ലക്ഷവുമാണ് കൂടുതലായി നൽകുക
∙ ഗുരുതരമായി പരിക്കേറ്റ് ജോലി ചെയ്യാനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം ധനസഹായം
∙ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് സാമ്പത്തിക ആശ്വാസം. മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60, കുട്ടികള്‍ക്ക് 45 രൂപ
∙ ബോട്ടും മൽസ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് തത്തുല്യ നഷ്ടപരിഹാരം
‌∙ മരിക്കുകയോ കാണാതാവുകയോ ചെയ്ത മൽസ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും
∙ ദുരന്തത്തിന് ഇരയായവർക്കുള്ള ആനുകൂല്യങ്ങളെ സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ നല്‍കാന്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി
∙ രക്ഷാപ്രവർത്തനത്തിനു ശേഷവും കണ്ടെത്താനാകാത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായങ്ങൾ തീരുമാനിക്കാൻ റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി
∙ ഭാവിയിൽ മുഴുവന്‍ മൽസ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പിൽ റജിസ്റ്റര്‍ ചെയ്യണം
∙ ബോട്ടുകളില്‍ ജിപിഎസ് സംവിധാനം. മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥാ സന്ദേശം നല്‍കും
∙ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. സംസ്ഥാനതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ തിരുവനന്തപുരത്തും പ്രദേശിക കേന്ദ്രം എറണാകുളത്തും സ്ഥാപിക്കും. ജില്ലാകേന്ദ്രങ്ങളിലും ഓഫിസുകൾ.
∙ തീരദേശ പൊലീസിൽ ആവശ്യമായ റിക്രൂട്ട്മെന്‍റ്. ആധുനിക സജ്ജീകരണങ്ങളോടെ നവീകരണം
∙ വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളോട് ചേര്‍ന്ന് പ്രത്യേക പൊലീസ് സംവിധാനം‌
∙ ദേശീയ ദുരന്തമായി കണക്കാക്കി പ്രത്യേക പാക്കേജ് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
∙ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാന്‍ ശാസ്ത്രീയ സംവിധാനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
∙ ഭാവിയിലെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി