Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം ഫെബ്രുവരിയിൽ; ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലി

Trump UK Visit

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്ക് ട്രംപ് വിരുദ്ധ കൂട്ടായ്മ തയാറെടുപ്പു തുടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോർട്ടുള്ളതിനാൽ രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദർശനം ഒഴിവാക്കി ‘വർക്കിങ് വിസിറ്റ്’ എന്നപേരിൽ രണ്ടുദിവസത്തെ സന്ദർശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണു സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രസിഡന്റിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനം. 2018 ആദ്യം ട്രംപ് ബ്രിട്ടനിൽ സന്ദർശനം നടത്തുമെങ്കിലും തീയതിയും സമയക്രമവും ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക വിശദീകരണം.

ട്രംപ് സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലേക്കു പ്രതിഷേധ മാർച്ചു നടത്താനാണ് ‘സ്റ്റോപ്പ് ട്രംപ് ക്യാംപെയ്നേഴ്സി’ന്റെ ആഹ്വാനം. ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാർച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. പ്രതിഷേധത്തിന്റെ പ്രചാരണം ഫെയ്സ്ബുക്കിൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് താൽപര്യം അറിയിച്ച് രംഗത്തെത്തിയത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് ട്രംപിനെ ബ്രിട്ടനിലെ ഒരുവിഭാഗം ആളുകൾക്ക് അനഭിമതനാക്കിയത്. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു മുന്നോടിയായി നടന്ന പ്രചാരണത്തിൽ തീവ്ര വലതുപക്ഷ പാർട്ടിയായ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ച് ബ്രെക്സിറ്റിനായി നിലകൊണ്ടതും ട്രംപിനു ധാരാളം ശത്രുക്കളെയുണ്ടാക്കി. അടുത്തിടെ ബ്രിട്ടനിലെ തീവ്രവലതുപക്ഷക്കാരായ ചിലരുടെ മുസ്‌ലിം വിരുദ്ധ ട്വീറ്റുകൾ റീട്വീറ്റ് ചെയ്ത് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചു. ഇതിനെതിരെ പ്രതികരിച്ച പ്രധാനമന്ത്രിയോട് തന്റെ ട്വീറ്റ് നോക്കിയിരിക്കാതെ ഭീകരരുടെ ആക്രമണത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ട്രംപ് അധികാരമേറ്റ കഴിഞ്ഞ ജനുവരിയിൽ ലണ്ടനിൽ അദ്ദേഹത്തിനെതിരെ പതിനായിരങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ റാലി നടന്നിരുന്നു. പ്രതിഷേധങ്ങൾ വകവയ്ക്കാതെ പ്രധാനമന്ത്രി തെരേസ മേയ് അദ്ദേഹം അധികാരമേറ്റ് ഒരാഴ്ചയ്ക്കകം വാഷിങ്ടനിലെത്തി കൂടിക്കാഴ്ച നടത്തുകയും കൈകൾ ചേർത്തുപിടിച്ചു നടന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറച്ചതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീടിത് തുടർന്നില്ല. അന്ന് ബ്രിട്ടൻ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രസിഡന്റിനെ ക്ഷണിച്ചെങ്കിലും ഔദ്യോഗിക അതിഥിയായെത്താനുള്ള ക്ഷണം ഇനിയും എലിസബത്ത് രാജ്ഞിയിൽനിന്നും ഉണ്ടായിട്ടില്ല. ഒരുവിഭാഗം ജനങ്ങളുടെ ശക്തമായ പ്രതിഷേധം തന്നെയാണ് ഈ തീരുമാനം വൈകാൻ കാരണം. വർക്കിങ് വിസിറ്റിനായി എത്തുമ്പോൾ രാജ്ഞിയെ കണ്ടാലും രാജ്ഞിയുടെ ആതിഥേയത്വം സ്വീകരിച്ച് കൊട്ടാരത്തിൽ താമസിക്കില്ല.

ബ്രിട്ടനിൽ കക്ഷിഭേദമന്യേ ട്രംപിനെ വിമർശിക്കുന്ന നേതാക്കൾ നിരവധിയാണ്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള മുതിർന്ന ലേബർ നേതാക്കൾ പലരും ട്രംപിന്റെ നയങ്ങളോടും നിലപാടുകളോടും കടുത്ത എതിർപ്പുള്ളവരാണ്. ഇവരുടെയെല്ലാം പിന്തുണയും പ്രതിഷേധക്കാർക്കുണ്ട്.