Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാൻ യുഎസ്; പ്രഖ്യാപനം ഉടൻ

Donald-Trump

വാഷിങ്ടൻ∙ ഇസ്രയേൽ ബന്ധത്തിൽ സുപ്രധാന നയമാറ്റവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനാണ് ട്രംപിന്റെ നീക്കം. തീരുമാനം നടപ്പിലായാൽ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാകും യുഎസ്.

ഇസ്‍ലാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവിയെക്കുറിച്ച് നിലവിൽ തർക്കമുണ്ട്. ബുധനാഴ്ചത്തെ പ്രസംഗത്തിൽ ട്രംപ് നിലപാട് വ്യക്തമാക്കുമെന്നാണു ശക്തമായ സൂചനകൾ. ഇതിനു മുന്നോടിയായി ടെൽ അവീവിലെ യുഎസ് എംബസി ജറുസലേമിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. എന്നാൽ, എംബസി മാറ്റത്തിന് മൂന്നുനാലു വർഷം വേണ്ടിവരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എംബസി മാറ്റത്തെക്കുറിച്ച് അറബ് നേതാക്കളുമായി ട്രംപ് ചർച്ച നടത്തി. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ–സിസി, സൗദി രാജാവ് സൽമാൻ എന്നിവരുമായാണ് ട്രംപ് സംസാരിച്ചത്. യുഎസിന്റെ തീരുമാനം മിഡിൽ ഈസ്റ്റിൽ വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകി.

1948ൽ ഇസ്രയേൽ രൂപപ്പെട്ടതു മുതൽ അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ടെൽ അവീവിലാണ് എംബസികൾ സ്ഥാപിച്ചത്. അമേരിക്ക ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇസ്രയേൽ അനുകൂലികളായ വോട്ടർമാർക്കു നൽകിയ വാഗ്ദാനം നടപ്പാക്കുന്നു എന്നാണ് ട്രംപ് അനുകൂലികൾ പറയുന്നത്.