Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിപ്പിക്കൽ: കാലാവധി മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Aadhaar

ന്യൂ‍ഡൽഹി∙ ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ ആധാർ നമ്പർ ഇല്ലാത്തവർക്കു മാത്രമേ കാലാവധി നീട്ടൽ പ്രയോജനപ്പെടൂ. അതേസമയം, മൊബൈൽ ഫോൺ നമ്പരും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും.

കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. എന്നാൽ ആധാറിനെതിരെ ഹർജി നൽകിയവർ, കാലാവധി നീട്ടുന്നതിനോടു സർക്കാർ മുന്നോട്ടുവച്ച നിബന്ധനയെ എതിർത്തു. ആധാർ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിർക്കുന്നതെന്നും ഹർജിക്കാർക്കുവേണ്ടി ഉദയാദിത്യ ബാനർജി അറിയിച്ചു.

ഇടക്കാല ഉത്തരവു വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം, കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടുത്തയാഴ്ച കേസ് പരിഗണിക്കുക. വിഷയത്തിൽ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ സേവനങ്ങളും നിലവിൽ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും

∙ ബാങ്കിങ്
അവസാന തീയതി – 2017 ഡിസംബർ 31
ബന്ധിപ്പിച്ചില്ലെങ്കിൽ – അക്കൗണ്ടുകൾ ബ്ലോക്ക് ആകും

∙ പാൻ
അവസാന തീയതി – 2017 ഡിസംബർ 31
ബന്ധിപ്പിച്ചില്ലെങ്കിൽ – ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കാനാകില്ല

∙ മ്യുച്വൽ ഫണ്ട്സ് ഫോളിയോ
അവസാന തീയതി – 2017 ഡിസംബർ 31
ബന്ധിപ്പിച്ചില്ലെങ്കിൽ – അക്കൗണ്ട് പ്രവർത്തനരഹിതമാകും

∙ ഇൻഷുറൻസ്
അവസാന തീയതി – 2017 ഡിസംബർ 31
ബന്ധിപ്പിച്ചില്ലെങ്കിൽ – പോളിസികള്‍ പിൻവലിക്കാനോ പൂർത്തിയാക്കാനോ ആകില്ല

∙ പോസ്റ്റ് ഓഫിസ് സ്കീം
അവസാന തീയതി – 2017 ഡിസംബർ 31
ബന്ധിപ്പിച്ചില്ലെങ്കിൽ – അക്കൗണ്ടുകൾ ബ്ലോക്ക് ആകും

∙ മൊബൈൽ നമ്പർ
അവസാന തീയതി – 2018 ഫെബ്രുവരി ആറ്
ബന്ധിപ്പിച്ചില്ലെങ്കിൽ – ഫോൺ നമ്പർ പ്രവർത്തനരഹിതമാകും