Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക സമരം പിൻവലിച്ചു; ഇടുക്കി ജില്ലാ കലോത്സവം തുടരും

Kalolsavam

നെടുങ്കണ്ടം∙ ഡിഡിഇയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ കെപിഎസ്ടിഎ അധ്യാപകര്‍ പ്രതിഷേധത്തില്‍നിന്നു പിന്മാറി. മല്‍സരങ്ങള്‍ അല്‍പസമയത്തിനകം ആരംഭിക്കുമെന്ന് ഡിഡിഇ അറിയിച്ചു. അധ്യാപകനെ കലോല്‍സവ നഗരിയില്‍വച്ചു മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിലാണു അധ്യാപകർ പ്രതിഷേധ സമരം തുടങ്ങിയത്. സംഘടനാ പ്രതിനിധികളും പിടിഎ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു. രാവിലെ ഒന്‍പതിനു തുടങ്ങേണ്ടിയിരുന്ന മല്‍സരങ്ങള്‍ രണ്ടു മണിക്കൂറോളം വൈകി. 

നെടുങ്കണ്ടം മുണ്ടിയെരുമയില്‍ നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കലോല്‍സവം കെപിഎസ്ടിഎ പ്രതിഷേധത്തെത്തുടര്‍ന്നാണു നിർത്തിവച്ചത്. കെപിഎസ്ടിഎ ഭാരവാഹിയായ അധ്യാപകനെ കലോല്‍സവ നഗരിയില്‍വച്ചു മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിലാണു പ്രതിഷേധം. എന്‍ആര്‍ സിറ്റി എസ്എന്‍വിഎച്ച്എസ് അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. അരുണിനാണ് ഇന്നലെ രാത്രിയില്‍ കലോല്‍സവ വേദിയില്‍ മര്‍ദനമേറ്റത്. 

ആറു മാസം മുന്‍പ് പാമ്പാടുംപാറയില്‍ മന്ത്രി എം.എം. മണിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്നു പേരുള്‍പ്പെടെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അധ്യാപകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കലോല്‍സവ വേദിയില്‍ പ്രഭാതഭക്ഷണ വിതരണവും മുടങ്ങി. കെപിഎസ്ടിഎക്കാണ് കലോത്സവത്തിലെ ഭക്ഷണ കമ്മിറ്റിയുടെ ചുമതല.