Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാതിർത്തി ലംഘിച്ചാൽ യുഎസ് ഡ്രോണുകൾ വെടിവച്ചിടും: പാക്കിസ്ഥാൻ

Drone

ഇസ്‍ലാമാബാദ്∙ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവച്ചിടാൻ പാക്ക് സേനയ്ക്ക് വ്യോമസേനാ മേധാവി സൊഹൈൽ അമാന്റെ നിർദേശം. വ്യോമാതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ല. യുഎസിന്റേതാണെങ്കിലും വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവച്ചിടാൻ പാക്ക് വ്യോമസേനയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക സമത്വത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സൊഹൈൽ പറഞ്ഞു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക്കിസ്ഥാൻ ആദിവാസി മേഖലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ മൂന്നു ഭീകരർ കൊലപ്പെട്ടിരുന്നു.

യുഎസിന്റെ അപ്രഖ്യാപിത മിസൈൽ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. 2004 മുതൽ ഇത്തരം ലംഘനങ്ങൾ നടക്കുന്നുണ്ട്. 2017 നവംബർ 30 വരെയുള്ള എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ സിഐഎ ആണെന്നും സൊഹൈൽ ആരോപിച്ചു. എല്ലാ ആക്രമണങ്ങൾക്കും ശേഷം ഇനി ഇത്തരത്തിലൊരു സംഭവവും ഉണ്ടാകില്ലെന്ന് അവർ ഉറപ്പുനൽകുകയും അനുശോചന സന്ദേശം നൽകുകയും ചെയ്യാറുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകളും ഭീകരസംഘടനകളും ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. ചിലരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സൊഹൈൽ വ്യക്തമാക്കി.

കമ്ര വ്യോമതാവളത്തിലുണ്ടായ ആക്രമണമാണ് പാക്ക് ചരിത്രത്തിലുണ്ടായ ഏറ്റവും ദൗർഭാഗ്യകരമായ സംഭവം. 2012 ഓഗസ്റ്റിൽ റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡും ഓട്ടോമാറ്റിക് ആയുധങ്ങളുമായെത്തിയവർ വ്യോമതാവളത്തിൽ ആക്രമണം നടത്തുകയായിരുന്നു. വ്യോമസേനയുടെ സാബ് വിമാനം നശിപ്പിക്കുകയും മറ്റൊന്നിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. അന്നത്തെ ആക്രമണത്തിനുശേഷം പാക്കിസ്ഥാൻ സ്വന്തം സംവിധാനങ്ങൾ ശക്തിപ്പെടുത്തി. സ്വയം പര്യാപ്തത നേടാൻ രാജ്യം ഉത്സുകരായി. ഇപ്പോൾ സ്വന്തമായി യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള കഴിവ് പാക്ക് സേനയ്ക്കുണ്ടെന്നും സൊഹൈൽ പറഞ്ഞു.