Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ‘സാമ്രാജ്യം’ മാറ്റുന്നു, അതു തകർക്കാനോ പിന്തുടരാനോ സാധിക്കില്ല: യുഎസ്

CYBER-ATTACK/

വാഷിങ്ടൻ∙ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂർണമായും തകർത്തെറിഞ്ഞാലും ഭയക്കാൻ ഇനിയും പല കാര്യങ്ങളും ബാക്കിയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ്. പാശ്ചാത്യ രാജ്യങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്താൻ ഇന്റർനെറ്റിലൂടെ ആഹ്വാനം ചെയ്യാൻ സാധിക്കുന്ന ഐഎസിന്റെ കഴിവിനെ തകർക്കാനായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ വിഭാഗമാണ് അറിയിച്ചത്. ഭീകരസംഘടനകളിലേക്ക് ഓൺലൈൻ ‘റിക്രൂട്മെന്റ്’ നടത്തുന്നതിനെ യുഎസ് എത്രത്തോളം ഫലപ്രദമായി നേരിടുന്നുവെന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സുരക്ഷാ വിഭാഗം.

കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ ശക്തികേന്ദ്രങ്ങൾ വിട്ട് പുറംരാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഐഎസ്. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടല്ലാതെ ഇക്കഴിഞ്ഞ ജനുവരി മുതൽ ഇരുപതോളം ആക്രമണമെങ്കിലും ഈ ഭീകരസംഘടന നടത്തിയതു തന്നെ അതിനു തെളിവ്. ലോകത്തിന്റെ പലയിടത്തു നിന്നും ഐഎസിനെ തുരത്തിക്കഴിഞ്ഞു. എന്നാൽ അതിനു സമാന്തരമായി, മറ്റുള്ളവരെ ഭീകരാക്രമണത്തിനു പ്രേരിപ്പിക്കുന്ന ഐഎസ് തന്ത്രങ്ങൾക്കു തടയിടാനായിട്ടില്ല.

സൈബർ ലോകമാണ് ഐഎസിന്റെ പുതിയ വിളനിലം. സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങൾ പ്രവചനാതീതമാണ്. അതിനെ പിന്തുടരാനാകുന്നില്ല. അതിനാൽത്തന്നെ പ്രാദേശിക തലത്തിൽ ഭീകരത വളർത്താനുള്ള ഐഎസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ല.

ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖിലും സിറിയയിലും ഇന്ന് 3000ത്തിൽ താഴെ മാത്രമാണ് ഐഎസ് ഭീകരരുള്ളത്. സിറിയയിലെ റാഖയിൽ നിന്നു കൂടി ഐഎസിനെ തുരത്തിയതോടെ ഭീകരസംഘടനയുടെ അവസാനം അടുത്തെന്നു പറഞ്ഞത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. എന്നാൽ ഭീകരരുടെ ‘സാമ്രാജ്യം’ തകർത്താലും അത് ഐഎസിന്റേയോ മറ്റേതൊരു ഭീകരസംഘടനയുടെയോ അന്ത്യമാണെന്നു കരുതാനാകില്ലെന്ന് ആക്ടിങ് അസി. ഡിഫൻസ് സെക്രട്ടറി മാർക് മിച്ചെൽ പറഞ്ഞു.

പിടിച്ചെടുത്ത പ്രദേശങ്ങൾ കുറയുന്നതോടെ ഐഎസ് വെർച്വൽ ലോകത്തെ കൂടുതലായി ആശ്രയിക്കുകയാണ്. പ്രലോഭനങ്ങളിൽ വീഴുന്നവരെ കെണിയിൽ വീഴ്ത്തിയുള്ള ഐഎസിന്റെ ആക്രമണങ്ങൾ വർധിച്ചുവരുന്നതു തന്നെ അതിനുദാഹരണമെന്നും ദേശീയ സുരക്ഷാവിഭാഗം വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്, യൂട്യൂബ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് ‘തീവ്രവാദ’ സ്വഭാവമുള്ള പോസ്റ്റുകളും വിഡിയോകളും നീക്കാൻ നടപടിയുണ്ടാകണമെന്ന് യൂറോപ്യൻ കമ്മിഷൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുഎസിൽ നിന്നുള്ള പുതിയ റിപ്പോർട്ട്.