Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല ക്യാബ് ഡ്രൈവർ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി

OLA Cabs

ബെംഗളൂരു∙ സ്വന്തം വീട്ടിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ഓൺലൈൻ ടാക്സി സർവീസായ ഓല ക്യാബ്സിന്റെ ഡ്രൈവർ അപമര്യാദയായി പെരുമാറിയതായി പരാതി. ഞായർ രാത്രി ഇന്ദിരാനഗറിൽനിന്നുള്ള യാത്രയിൽ ഔട്ടർ റിങ് റോഡിൽ വച്ചാണു ഡ്രൈവർ രാജശേഖർ റെഡ്ഡി യുവതിയോടു മോശമായി പെരുമാറിയത്. കുറച്ചുനേരത്തേക്കു കാർ ലോക്ക് ചെയ്തു യുവതിയെ തടവിൽ വയ്ക്കുകയും ചെയ്തു.

റെ‍ഡ്ഡിയുടെ കൈപിടിച്ചു തിരിച്ച യുവതി കാറിന്റെ ഡോറിൽ വളരെ ശക്തമായി അടിക്കാൻ തുടങ്ങിയതോടെയാണ് ഇയാൾ പിൻമാറിയത്. തുടർന്ന് ബിടിഎം ലേഔട്ടിലെ യുവതിയുടെ വീട്ടിലെത്തിക്കുകയും ചെയ്തു. ഓല ക്യാബ് സുരക്ഷാ സംഘത്തെയോ പൊലീസിനെയോ വിവരം അറിയിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു.

എന്നാൽ പൊലീസിൽ ഔദ്യോഗികമായി ഇവർ പരാതിപ്പെട്ടിട്ടില്ല. മേഖലയിലെ പൊലീസ് ഇൻസ്പെക്ടറെ വിവരമറിയിച്ച ഇവർ ഓല ക്യാബ് സുരക്ഷാ സംഘത്തെയും പരാതി അറിയിച്ചു. താൻ ബെംഗളൂരു സ്വദേശിയല്ലെന്നും അടുത്തമാസം നഗരം വിടുമെന്നതിനാൽ നിയമപരമായി നീങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അതിനിടെ, പരാതി ലഭിച്ചതിനുപിന്നാലെ റെഡ്ഡി സസ്പെൻഡ് ചെയ്തതതായി ഓല ക്യാബ്സ് അറിയിച്ചു.