Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തിരഞ്ഞെടുപ്പ്: അവസാന നിമിഷം പ്രകടനപത്രിക പുറത്തിറക്കി ബിജെപി

FM Arun Jaitley releases BJP's manifesto for Gujarat Election 2017

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസും പട്ടേൽ വിഭാഗവും രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് കോൺഗ്രസ് ജാതി ധ്രുവീകരണം നടത്തുകയാണെന്ന് അരുൺ ജയ്റ്റ്ലി ആരോപിച്ചു. സംവരണത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ ഉറപ്പുകളിലൊന്ന് ഭരണഘടനാപരമായി തന്നെ നടപ്പാക്കാൻ കഴിയാത്തതാണ്. ആർക്കും 50 ശതമാനത്തിലധികം സംവരണം നൽകാൻ കഴിയില്ല. കോൺഗ്രസിന്റെ ആശയം ഭരണഘടനാപരമായി അസംഭ്യവമാണ്. സംസ്ഥാനത്തിന്റെ വികസനം മനസിൽ കണ്ടുകൊണ്ടുള്ള പ്രകടനപത്രികയാണ് ഞങ്ങളുടേത്. പ്രചാരണം അവസാനിച്ചതിനു പിന്നാലെയാണു പ്രകടനപത്രിക പുറത്തിറക്കിയതെങ്കിലും അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം പതിപ്പിക്കുകയോ മണ്ഡലങ്ങൾ വ്യക്തമാക്കുകയോ ചെയ്യാത്തതിനാൽ ഇതിന് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

പ്രകടനപത്രികയ്ക്കു പകരം ദർശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്. എന്നാലിതു വിവാദമാകുകയും ഹാർദിക് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നതിനും പിന്നാലെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. ഡിസംബർ ഒൻപതിനാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബർ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. 18നാണ് ഫലപ്രഖ്യാപനം.

related stories