Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലം: ട്രംപിന്റെ തീരുമാനം ജനവികാരം കണക്കിലെടുത്തെന്ന് വൈറ്റ് ഹൗസ്

Benjamin-Netanyahu-and-Donald-Trump ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും

വാഷിങ്ടൻ∙ ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്നതു സംബന്ധിച്ച തർക്കം രൂക്ഷമാകുന്നതിനിടെ നിലപാടു വ്യക്തമാക്കി വൈറ്റ് ഹൗസ്. പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ജനവികാരം കണക്കിലെടുത്താണ്. പ്രദേശത്തു സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് അറിയിച്ചത്. പ്രഖ്യാപനം ഇസ്രയേൽ അംഗീകരിച്ചെങ്കിലും മധ്യപൂർവേഷ്യൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുഎസ് സഖ്യരാജ്യങ്ങളും എതിർത്തു.

സമാധാനശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ യുഎസ് പ്രതിഞ്ജാബദ്ധരാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അതിനായുള്ള ചർച്ചകളും സംവാദങ്ങളും തുടരും. ഇസ്രയേൽ– പലസ്തീൻ തർക്കത്തിൽ എല്ലാവർക്കും അനുയോജ്യമായ തീരുമാനത്തിലെത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. യുഎസിന്റെയും സുപ്രധാന ലക്ഷ്യമിതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.

മറ്റേന്തെങ്കിലും രാജ്യം യുഎസിനെപ്പോലെ എംബസി മാറ്റുന്നുണ്ടോയെന്ന് ചോദ്യത്തിന്, അതേപ്പറ്റിയൊന്നും അറിയില്ലെന്നായിരുന്നു സാൻഡേഴ്സിന്റെ പ്രതികരണം. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അവരുടെ അതിർത്തി മാറ്റുകയോ മറ്റേതെങ്കിലും തരത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ നയത്തിലോ പാസ്പോർട്ട് നൽകുന്നതിലോ നിലവിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് എം. സാറ്റർഫീൽഡ് പറഞ്ഞു.

എന്നാൽ ജറുസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഇസ്രയേലിനാണ് മുൻതൂക്കമെന്ന് ട്രംപ് തെളിയിച്ചുവെന്ന് സെനറ്റർ ഡേവിഡ് പെർഡ്യൂ പറഞ്ഞു. ജറുസലം ജൂതന്മാരുടെ കേന്ദ്രമാണ്. സർക്കാരിന്റെ പ്രധാനകേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നതവിടെയാണ്. നീണ്ടകാല സുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രയേലിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടെൽ അവീവിലുള്ള യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞദിവസം ‍ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു.

ഇസ്രയേൽ –പലസ്തീൻ പ്രശ്നത്തിനു പുതിയ ദിശാബോധം നൽകുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താൽപര്യം ഇരുരാജ്യങ്ങൾക്കുമുണ്ടെങ്കിൽ അത് യുഎസ് അംഗീകരിക്കും. അതിർത്തി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

തർക്കകേന്ദ്രം കിഴക്കൻ ജറുസലം

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ – പലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.

മൂന്നു മതവിശ്വാസികൾക്ക് പുണ്യനഗരം

ഇസ്‌ലാം, ജൂത, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഒരുപോലെ പുണ്യനഗരമാണിത്. ജൂതന്മാർ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിൾ മൗണ്ടും ഇസ്‌ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അൽ അഖ്സ മസ്ജിദും കിഴക്കൻ ജറുസലമിലാണ്.

രാജ്യമില്ലാത്ത പൗരന്മാർ

കിഴക്കൻ ജറുസലമിൽ നാലു ലക്ഷത്തിലേറെ പലസ്തീൻകാരുണ്ടെന്നാണു കണക്ക്. ഇവർക്ക് ഒരു രാജ്യത്തിന്റെയും പൂർണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേൽ റസി‍ഡൻസി പെർമിറ്റുകൾ മാത്രം. ജോർദാൻ പാസ്പോർട്ട് ഉണ്ടെങ്കിലും അതിൽ ദേശീയ പൗരത്വ നമ്പറില്ല.