Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുഴലി ഭീതി അകന്നാലും കടൽ പ്രക്ഷുബ്ദം; കേരളതീരത്തും ജാഗ്രത തുടരണം

India Weather

പത്തനംതിട്ട ∙ ഓഖി ചുഴലിക്കാറ്റ് കെട്ടടങ്ങിയതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദചുഴിയുടെ ശക്തി കുറയുകയാണെങ്കിലും കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരത്ത് തിരമാലകളുടെ ഉയരം ഒന്നുമുതൽ 1.8 മീറ്റർ വരെ (മൂന്നുമുതൽ ആറു വരെ അടി) ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത തുടരണമെന്നു മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച തിരയിളക്കം ഞായറാഴ്ച രാത്രി വരെ തുടരാനാണു സാധ്യത.  

ശനിയാഴ്ച അർധരാത്രി വരെ വേലിയേറ്റ ഫലമായുള്ള തിരമാലകളും ശക്തമായിരിക്കും. ഇതിന്റെ ഫലമായി കൊല്ലം മുതൽ വടക്കോട്ടുള്ള തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രിവരെ കടൽവെള്ളം കയറിവരാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻകോയ്സ്) അറിയിച്ചു. കേരള തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്ററായിരിക്കുമെന്നതിനാൽ  കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം. മംഗലാപുരം, ലക്ഷദ്വീപ് തീരത്തും ഇതേ സ്ഥിതിയുള്ളതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം.

എന്നാൽ തമിഴ്നാട്, ആന്ധ്ര, ഒഡീഷ തീരത്തുനിന്നു മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു തന്നെ ശക്തമായ മുന്നറിയിപ്പുണ്ട്. കടലിൽ ഉള്ളവർ എത്രയും വേഗം തിരികെ വരണം. കുളച്ചൽ ഭാഗത്തുള്ളവരും കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമർദം (ഡിപ്രഷൻ) ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത മങ്ങി. എന്നാൽ കാറ്റും മഴയും ഉണ്ടാകുമെന്നതിനാൽ കേരളം ഒഴികെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു  കാലാവസ്ഥാ വകുപ്പിനു കീഴിലുള്ള റീജനൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ ഫോർ ട്രോപ്പിക്കൽ സൈക്ലോൺസ് ഓവർ നോർത്ത്  ഇന്ത്യൻ ഓഷ്യൻ (ആർഎസ്എംസി)  ജാഗ്രതാ മുന്നറിയിപ്പു നൽകി.

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ 12 പത്രക്കുറിപ്പുകളാണ് ഈ കേന്ദ്രം തയാറാക്കിയത്. ബംഗാൾ ഉൾക്കടലിലെ ചുഴലികൂടി കണക്കിലെടുത്തുള്ള സംയുക്ത കുറിപ്പുകളായിരുന്നു ഇവയിൽ പലതും.

ഗൾഫ് മേഖലയിൽ നിന്നുള്ള ഈർപ്പം കുറഞ്ഞ ചൂടുകാറ്റായ പശ്ചിമ വാതങ്ങൾ (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) ആണ് ഈ അതീവ ന്യൂനമർദത്തെ ചുഴലിയായി ഉയരാതെ പിടിച്ചു നിർത്തിയത്. തെലങ്കാനവരെ ഈ വരണ്ട കാറ്റ് എത്തുന്നുണ്ടെന്ന് യുഎസിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ പറയുന്നു.

ഗുജറാത്ത് തീരത്ത് എത്തിയപ്പോഴേക്കും ഓഖിയെ ദുർബലമാക്കിയ വെർട്ടിക്കൽ വിൻഡ് ഷിയർ എന്ന പ്രതിഭാസം ഈ ന്യൂനമർദത്തെയും ശക്തമാകാൻ അനുവദിക്കില്ലെന്നാണ് ടൈഫൂൺ സെന്ററിന്റെ നിഗമനം. ചുഴലി എന്ന  മേഘഗോപുരത്തിന്റെ  മുകളിലേക്കു കടൽപ്പരപ്പെന്ന താഴത്തെ നിലയിൽ  നിന്നു വീശുന്ന കാറ്റാണ് വിൻഡ് ഷിയർ. ഇതിന്റെ വേഗം കൂടുമ്പോൾ ചുഴലികൾ ദുർബലമാകുന്നതാണ് പതിവ്.  

related stories