Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ നിരീക്ഷിക്കാൻ ശേഷിയുള്ള ഡ്രോൺ തദ്ദേശീയമായി നിർമിച്ച് ഇന്ത്യ

Representative Image Representative Image

ന്യൂഡൽഹി∙ ചൈനയുടെ സൈനിക നടപടി നിരീക്ഷിക്കാൻ ശേഷിയുള്ള ഡ്രോൺ ഇന്ത്യ തദ്ദേശിയമായി നിർമിച്ചു. നോയിഡ ആസ്ഥാനമാക്കിയ സ്റ്റാർട്ട് അപ് കമ്പനിയാണ് 65,000 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഡ്രോൺ നിർമിച്ചത്. അരുണാചൽ പ്രദേശിലെ തവാങ്ങിനും മുകളിൽ പറക്കാവുന്ന ഡ്രോണിന് തുടർച്ചയായി മൂന്നാഴ്ച വരെ ആകാശത്ത് തുടരാനാകും. ഏകദേശം 200 കിലോമീറ്റർ അകലെനിന്നുള്ളതടക്കം ടിബറ്റിലെ ഷിഗാസ്റ്റ്സെ നഗരത്തിലെ ചൈനീസ് സൈനിക നീക്കങ്ങൾ ഇതുപയോഗിച്ച് നിരീക്ഷിക്കാൻ സാധിക്കും. ഡ്രോൺ വിജയകരമായാൽ നിലവിലെ നിരീക്ഷണ സാറ്റലൈറ്റുകള്‍ക്കു പകരം ഇവ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

നോയിഡയിലെ ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസാണ് ഡ്രോൺ നിർമിച്ചത്. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ആദ്യ സ്വകാര്യമേഖല എയർക്രാഫ്റ്റാണിത്. ബോയിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽതന്നെയാണ് ഗവേഷണങ്ങളും നിർമിക്കലും നടന്നത്. ഹൈ ആൾട്ടിറ്റ്യൂഡ് സ്യുഡോ സാറ്റലൈറ്റിന്റെ (എച്ച്എപിഎസ്) ഗണത്തിൽപ്പെടുത്താവുന്ന ഇതിന്റെ ആദ്യ ഡ്രോൺ 2019ൽ നിർമാണം പൂർത്തിയാക്കും. ഡ്രോണിന്റെ ഡിസൈനിൽ തൃപ്തരാണെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. ബോയിങ്ങിലൂടെ തന്നെ ഇത്തരം ഡ്രോണുകൾ രാജ്യാന്തരതലത്തിലെത്തിക്കാമെന്നും കണക്കുകൂട്ടുന്നു.