Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റ്: മരിച്ച മൽസ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ജോലി നൽകും

Vizhinjam

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തിരുവനന്തപുരത്തു ചേർന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷന്‍ കിട്ടാത്തവര്‍ക്ക് 2000 രൂപ സഹായം നല്‍കുമെന്നും യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

അതിനിടെ, ഓഖി ദുരന്തത്തില്‍ പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളില്‍ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടുമെന്ന് ഗോവ വാസ്‌കോ തുറമുഖത്തെത്തിയ കെ.വി.തോമസ് എംപി അറിയിച്ചു.16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് ഗോവന്‍ തീരത്തെത്തിയത്. ഇതില്‍ 12 ബോട്ടുകള്‍ ഇതിനകം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ബോട്ടുകൾ ശനിയാഴ്ച യാത്ര തിരിക്കും.

ഓരോ ബോട്ടിനും 750 ലിറ്റര്‍ ഡീസലും 2500 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. വാസ്‌കോ സൗത്ത് തുറമുഖത്തു കെ.വി.തോമസ് എംപിക്ക് പുറമേ ജില്ലാ കലക്ടര്‍ നീലാ മോഹന്‍, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക്, അഞ്ജലി ഷെഖാവത്ത്, അരുണ്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, ഓഖി ദുരന്തത്തിനിരയായ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയയ്ക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച ആയച്ച കത്തിലാണ് തമിഴ്നാട് നന്ദി അറിയിച്ചത്.

അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാടു പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്നും പളനിസാമി പറഞ്ഞു.

അതിനിടെ, ഓഖി രക്ഷാപ്രവർത്തനത്തിലെ പാളിച്ചയിൽ പ്രതിഷേധിച്ച് ലത്തീൻ സഭ 11ന് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കും. ഭരണകൂടങ്ങൾ ദുരന്തമുഖത്ത് എത്തിയില്ലെങ്കിൽ സമരം വിപുലമാക്കുമെന്നും സഭ അറിയിച്ചു. കാണാതായവരെ സംബന്ധിച്ച് ലത്തീൻ സഭ നൽകുന്ന കണക്കും പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എട്ടു പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഇവരുടെ ഫോട്ടോയും വിലാസവും നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബിജെപി 28നു ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചു നടത്തും. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാകും സമരം. ബിജെപി സംസ്ഥാന ഭാരവാഹി യോഗമാണു തീരുമാനിച്ചത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് 30നു മുഖ്യമന്ത്രിയെ നേരിൽ വിളിച്ചാണു കാര്യങ്ങൾ അന്വേഷിച്ചതും തിരച്ചിലിനു തുടക്കമിട്ടതുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.

28 മുതൽ തുടർച്ചയായി കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നുവെന്നത് ഇപ്പോൾ എല്ലാവർക്കുമറിയാം. മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതു വിലക്കണമെന്ന നിർദേശംവരെ ഇതിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്കു പോകാൻ പറ്റാതിരുന്ന തീരദേശത്ത് എന്തുകൊണ്ടാണു കേന്ദ്രമന്ത്രി നിർമല സീതാരാമനു സ്വീകാര്യത ഉണ്ടായതെന്നു സിപിഎം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പദവിയിലിരുന്ന് പാർട്ടി സെക്രട്ടറിയെപ്പോലെ പെരുമാറുന്നതുകൊണ്ടാണു പിണറായിക്കു സ്വീകാര്യത ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വാദങ്ങൾ പൊളിഞ്ഞു’

ഓഖി ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രം മുന്നറിയിപ്പു നൽകിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ എല്ലാം സർവകക്ഷിയോഗത്തിൽ പൊളിഞ്ഞെന്ന് ബിജെപി. ചുഴലിക്കാറ്റ് നേരിടുന്നതിൽ വീഴ്ച പറ്റിയെന്നു ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി സമ്മതിക്കാത്തതെന്നും എംഎൽഎ ഒ.രാജഗോപാൽ പറഞ്ഞു. സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു.

ചില മാധ്യമ പ്രവർത്തകർ കലാപത്തിനു ശ്രമിച്ചു എന്ന് യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണ്. കേന്ദ്ര സംഘത്തെ ക്ഷണിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണ്. മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരണം. തിരച്ചിൽ നിർത്തുന്ന ദിവസത്തിനു ശേഷവും കണ്ടെത്താൻ സാധിക്കാത്തവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

related stories